സംസ്ഥാനത്ത് യു.ഡി.എഫ് 14 സീറ്റ് നേടുമെന്നും നാലിടത്ത് ഒപ്പത്തിനൊപ്പമെന്നും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ. ബി.ജെ.പിക്ക് ഒരു ലോക്സഭ സീറ്റ് ഉറപ്പെന്നും റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനമുള്ളത്. സുരേഷ് ഗോപി പ്രതീക്ഷ വെക്കുന്ന തൃശൂരിൽ പക്ഷെ എൽ.ഡി.എഫ് നേടുമെന്നാണ് റിപ്പോർട്ട്. എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴ അടക്കം 14 എണ്ണം യു.ഡി.എഫിനെന്നും ശേഷിച്ച നാലെണ്ണത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമെന്നുമാണ് റിപ്പോർട്ടുകളുള്ളത്. ആറ്റിങ്ങൽ, മാവേലിക്കര, ചാലക്കുടി, പാലക്കാട് എന്നിവയാണ് ഇവ. സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനെ തുണക്കുമെന്നും ഇക്കാരണത്താൽ ഈ നാല് മണ്ഡലങ്ങളിൽ മിക്കതും യു.ഡി.എഫ് സാധ്യത നിലനിൽക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ടിലുള്ളത്.
മുസ്ലിം ലീഗിന് മലബാറിൽ അടിതെറ്റില്ലെന്നും റിപ്പോർട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയിൽ വിജയം ഷാഫി പറമ്പിലിനാകും. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിജയവും ഏറെക്കുറെ ഉറപ്പാണ്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന്റെ ഗുണം എല്ലാ തലത്തിലും ഇക്കുറിയും യു.ഡി.എഫിന് കിട്ടുമെന്നും നിഗമനമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണം വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് അറിയുന്നത്.