തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അവധിയിലായിരുന്ന കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്. സുധാകരൻ നാളെ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേൽക്കും.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചുമതലയേൽക്കാൻ ഹൈകമാൻഡ് അനുമതി നൽകിയത്. അഭ്യൂഹങ്ങൾ പാർട്ടിക്ക് വലിയ രീതിയിൽ ദോഷങ്ങൾ വരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറാണെന്ന് ഇന്ന് മാധ്യമങ്ങളോട് കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു.
സുധാകരന് കണ്ണൂരിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനം താൽക്കാലികമായി എം.എം ഹസന് ഏറ്റെടുത്തത്. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ നൽകിയിരുന്നില്ല. ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ സുധാകരന് ചുമതല തിരിച്ചു നൽകേണ്ടതായിരുന്നു. എന്നാൽ ഹസനോട് തുടരാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശിക്കുകയായിരുന്നു. ഇതിന്റെ നീരസം കെ. സുധാകരൻ കെ.പി.സി.സി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.
വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പദവി കൈമാറാൻ വൈകേണ്ട കാര്യമെന്താണെന്ന കെ. സുധാകരന്റെ ചോദ്യത്തിന് എ.ഐ.സി.സി നേതൃത്വം കൃത്യമായ മറുപടി നൽകിയതുമില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെതന്നെ മാറ്റാൻ നീക്കം നടക്കുന്നതായി സംശയിക്കുന്ന സുധാകരൻ, പദവി തിരിച്ചു നൽകാത്തത് അതിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് തനിക്ക് ചുമതല കൈമാറിയതെന്നും വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലുവരെയാണ് അതിന്റെ കാലാവധിയെന്നും എം.എം. ഹസൻ പറഞ്ഞു. എ.ഐ.സി.സി നിർദേശം ലഭിച്ചാൽ അപ്പോൾതന്നെ പദവി കൈമാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.