ദമാം : ജീവനക്കാർ പണിമുടക്കിയത് മൂലം അവതാളത്തിലായ എയർഇന്ത്യ എക്‌സ്പ്രസിന്റെ ദമാം കോഴിക്കോട്ട് യാത്രക്കാരെ ഇറക്കി വിട്ടതായി പരാതി. എമിഗ്രേഷൻ പരിശോധനയെല്ലാം പൂർത്തിയായ യാത്രക്കാർക്ക് താമസ സൗകര്യം നൽകേണ്ട ബാധ്യത ഒഴിവാക്കാൻ എമിഗ്രേഷൻ റദ്ദ് ചെയ്താണ് ആളുകളെ തിരിച്ചയച്ചത്. യാത്രക്കാരുടെ പ്രയാസങ്ങൾ കേട്ടറിയാണോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ എയർ ഇന്ത്യയുടെ ഇന്ത്യക്കാരായ ഒരൊറ്റ ജീവനക്കാരും ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
ഇന്ന് പുലർച്ചെ 12:10 നു കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരാണ് , മിന്നൽ പണിമുടക്ക് മൂലം പ്രയാസപ്പെട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ എയർപോർട്ടിൽ എത്തിയ യാത്രക്കാർ എമിഗ്രെഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അകത്തേക്ക് പ്രവേശിച്ചു. പതിനൊന്ന് മണിയോടെയാണ് വിമാനത്താവളത്തിലെ സ്‌ക്രീനിൽ വിമാനം റദ്ദാക്കി കൊണ്ടുള്ള അറിയിപ്പ് വന്നത്. അത് മുതൽ പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുലർച്ചെ രണ്ടുമണിയോടെ ഒരു ജീവനക്കാരൻ വന്നു പാസ്‌പോർട്ടും ബോർഡിങ് പാസും കൊണ്ടുപോയി എമിഗ്രേഷൻ റദ്ദ് ചെയ്ത് പാസ്പോർട്ട് തിരികെ നൽകുകയായിരുന്നു. വിമാനത്തിൽ കയറ്റിയ ലഗേജുകൾ തിരികെ എടുത്ത് തിരിച്ചു പോകുവാൻ ആണ് നിർദേശം നൽകിയത്.
സാധാരണ ഗതിയിൽ വിമാനം റദ്ദാവുകയോ നേരം വൈകുകയോ ചെയ്‌താൽ എമിഗ്രേഷൻ റദ്ദാക്കുന്ന നടപടി ക്രമങ്ങൾ ഉണ്ടാവാറില്ല. ട്രാൻസിസ്‌റ്റ് യാത്ര ഗണത്തിൽ പെടുത്തി, പാസ്‌പോർട്ട് വാങ്ങിവെച്ചു ഹോട്ടലുകളിൽ താമസ സൗകര്യം നൽകാറാണ് പതിവ്. പതിവിൽ നിന്നും വിത്യസ്തമായി എമിഗ്രേഷൻ റദ്ദാക്കി പാസ്പോർട്ട് തിരികെ നൽകിയതുകൊണ്ട് തന്നെ, ജീവനക്കാരുടെ സമരം നീണ്ടു പോകാൻ സാധ്യത ഉണ്ടെന്നാണ് മനസിലാവുന്നത്.



