റിയാദ്: ഫ്യൂചർ ഏവിയേഷൻ ഫോറം മൂന്നാം പതിപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് സൗദി ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ-ജസ്സർ അറിയിച്ചു. മേയ് 20 മുതൽ 22 വരെ റിയാദിലാണ് ഫോറം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ഏവിയേഷൻ വിദഗ്ധരും എയർലൈൻസ് മേധാവികളും ഉൾപ്പെടെ 5000ത്തോളം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
വ്യോമയാന, വ്യോമ ഗതാഗത മേഖലയിൽ സൗദിയുടെ മുൻനിര സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് റിയാദിൽ നടക്കുന്ന ഫ്യൂചർ ഏവിയേഷൻ ഫോറമെന്ന് മന്ത്രി അൽ-ജസ്സർ പറഞ്ഞു. പരിപാടിയുടെ ഒരുക്കം സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് കീഴിൽ പുരോഗമിക്കുകയാണ്. ആഗോള വ്യോമയാനം, വ്യോമഗതാഗതം, സിവിൽ ഏവിയേഷൻ മേഖലക്കുള്ളിലെ പാരിസ്ഥിതിക സുസ്ഥിരത എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കും. സൗദിയെ മിഡിൽ ഈസ്റ്റിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റാനും വ്യോമയാന വ്യവസായത്തിൽ ആകർഷക നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കാനുമുള്ള കാഴ്ചപ്പാടോടെ വ്യോമയാന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഫ്യൂചർ ഏവിയേഷൻ ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.