ദഹ്‌റാൻ: പത്താമത് സൗദി ഫിലിം ഫെസ്റ്റിവലിന് തിരശ്ശീല വീണു. കിങ് അബ്ദുൽ അസീസ് സെൻ്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) മേയ് 2 നാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. സയൻസ് ഫിക്ഷൻ സിനിമകളാണ് ഇത്തവണ ഫെസ്റ്റിവലിന്റെ പ്രധാന പ്രമേയമായത്. ഈ വർഷത്തെ ‘സ്‌പോട്ട്‌ലൈറ്റ് ഓൺ ഇന്ത്യൻ സിനിമ’ പ്രോഗ്രാമിൽ ബോളിവുഡിന് പുറത്തുള്ള സ്വതന്ത്ര ഇന്ത്യൻ സിനിമകളും പ്രദർശിപ്പിച്ചിരുന്നു.
ഫെസ്റ്റിവലിൽ 15 പുതിയ ചലച്ചിത്ര പദ്ധതികൾ ഇത്റ ഫിലിം പ്രൊഡക്ഷൻ (ഇഎഫ്പി) പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ലഭിച്ച 170 അപേക്ഷകളിൽ നിന്ന് നാല് ഫീച്ചർ ഫിലിമുകളും 11 ഷോർട്ട് ഫിലിമുകളുമാണ് സൗദി ഫിലിം ഫണ്ടിങ് പ്രോഗ്രാം തിരഞ്ഞെടുത്തത്.
സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷൻ്റെ പിന്തുണയോടെ സിനിമാ അസോസിയേഷനും ഇത്റയും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സൗദിയിൽ സിനിമ വ്യവസായം ആരംഭിച്ചതിനുശേഷം ചലച്ചിത്ര കമീഷൻ്റെ അനുമതിയോടെ അരങ്ങേറുന്ന മൂന്നാമത്തെ ചലച്ചിത്രോത്സവമാണിത്.