റിയാദ്: റിയാദിലെ ഹംബുർഗിനി റസ്റ്റോറന്റിലെ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസെന്ന് സ്ഥിരീകരിച്ച് മുനിസിപ്പൽ മന്ത്രാലയം. ബോൺ തും ബ്രാൻഡിന്റെ മയോണൈസിൽ നിന്നാണ് വിഷബാധയുണ്ടായത്. ഇതിന് കാരണമായത് കോളോസ്ട്രിയം ബോട്ടുലിനം ബാക്ടീരിയയാണ്. ഈ ബാക്ടീരിയക്ക് ബോട്ടുലിസം എന്ന ഗുരുതര പ്രതിസന്ധി സൃഷ്ടിക്കാൻ കഴിയും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ.
സൗദി വിപണിയിൽ വിഷബാധയ്ക്ക് കാരണമായ മയോണൈസ് ബ്രാന്റിന് നിരോധനം ഏർപ്പെടുത്തുകയും അത് വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണ ഫാക്ടറിയും കണ്ടെത്തി സീൽ ചെയ്തു. നിലവിൽ കടകളിൽ വിതരണം ചെയ്തിരിക്കുന്ന ഈ ബ്രാന്റിന്റെ എല്ലാ ഉൽപ്പന്നങ്ങളും തിരിച്ചുവിളിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് റിയാദിലെ ഹംബുർഗിനി ബ്രാഞ്ചിൽ ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.