കരിപ്പൂര്‍: വേനല്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ താളം തെറ്റുന്നു. കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നു. കണ്ണൂര്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചു വിട്ടത്. ദമ്മാമില്‍ നിന്നും ദുബായില്‍ നിന്നും വന്ന വിമാനം കോയമ്പത്തൂരിലേക്കും ഒന്ന് കണ്ണൂരിലേക്കും മറ്റൊന്ന് കൊച്ചിയിലേക്കുമാണ് തിരിച്ചു വിട്ടത്. ബഹ്റൈനിലേക്കും ഖത്തറിലേക്കും പോവേണ്ട വിമാനങ്ങള്‍ വൈകിയിട്ടുണ്ട്. കാലാവസ്ഥ സാധാരണ ഗതിയിലായാല്‍ സര്‍വ്വീസുകള്‍ കൃത്യമായി നടത്താനാവുമെന്ന് അധികൃതര്‍ അറിയിച്ചു.



