റിയാദ്: സൗദിയിലെ കര, കടൽ, വായു കസ്റ്റംസ് പോയിൻ്റുകളിലെ ആഗമന ലോഞ്ചുകളിലെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾക്ക് കസ്റ്റംസ് തീരുവകളും നികുതിയും ഒഴിവാക്കി സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക). ആഗമന ലോഞ്ചുകളിലെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ നിന്ന് വ്യക്തിഗത ആവശ്യങ്ങൾക്കായി പരമാവധി 3,000 റിയാൽ വരെയുള്ള ഷോപ്പിംങും പരമാവധി 200 സിഗരറ്റുകളുമാണ് വ്യക്തികൾക്ക് ഇനി
മുതൽ അനുവദിക്കുക.
യാത്രക്കാരുടെ അനുഭവം വർധിപ്പിക്കാനും കസ്റ്റംസ് പോയിൻ്റുകളിൽ ലോജിസ്റ്റിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാബിനറ്റ് തീരുമാനത്തെ തുടർന്നാണ് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായി ഏകീകൃത കസ്റ്റംസ് സംവിധാനത്തിന് അനുസൃതമായി കര, കടൽ, വായു എൻട്രി പോയിൻ്റുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും നേരത്തെ സാറ്റ്ക പുറപ്പെടുവിച്ചിരുന്നു.