ഹജ്ജിെൻറ മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി അധികൃതർ. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശവ്വാൽ പതിനഞ്ച് മുതൽ തന്നെ പരിശോധന കർശനമാക്കിയിരുന്നു. അനുമതി പത്രമില്ലാതെ ആരെയും മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല ഇപ്പോൾ. അടുത്തമാസം ജൂണ് 2 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റ് നിർബന്ധവുമാണ്. അതുവരെ ഉംറ പെർമിറ്റുള്ളവർക്കും മക്ക ഇഖാമയുള്ളവർക്കും മക്കയിലേക്കുള്ള പ്രവേശന പാസുള്ളവർക്കും പ്രവേശിക്കാം.
അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനെതിരെ സൗദിയിൽ ശക്തമായ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഹജ്ജിന് അനുമതി പത്രം നിർബന്ധമാക്കുന്നതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനുമാണിത്. അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നവരെ കണ്ടെത്താൻ മക്കയിലെ പാർപ്പിട കേന്ദ്രങ്ങളിൽ അധികൃതർ പരിശോധന നടത്തും. മുഴുവൻ മേഖലയിലും സുരക്ഷ സേനയുടെ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.