മക്ക: പെർമിറ്റ് ഇല്ലാതെ ഹജ്ജിനായി മക്കയിലെത്തുന്നവർ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഓർമിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ദുൽ ഖഅദ് 25 (ജൂൺ 2) മുതൽ ദുൽ ഹിജ്ജ 14 ( ജൂൺ 20) വരെയുള്ള കാലയളവിൽ ഹജ്ജ് പെർമിറ്റില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാലാണ് പിഴ ചുമത്തുക. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും 1,00,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മക്ക, സെൻട്രൽ ഹറം പരിസരം, മിനാ, അറഫാത്ത്, മുസ്ദലിഫാ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, തീർഥാടക സംഘങ്ങളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പെർമിറ്റില്ലാത്തവർക്ക് പ്രവേശനമനുവദിക്കില്ല. നിയമലംഘകരെ കസ്റ്റഡിയിലെടുത്ത് ചട്ടങ്ങൾക്കനുസൃതമായി പിഴ ചുമത്തും. നിയമലംഘകരിൽ പ്രവാസികളുണ്ടെങ്കിൽ അവരെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യും.