റിയാദ്: ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് റിയാദ് റഹീം സഹായസമിതി അറിയിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം റിയാദ് ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ദിയാധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് സഹായ സമിതി ഗവര്‍ണറേറ്റിനോട് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണറേറ്റിന്റെ നിര്‍ദേശത്തിനനുസരിച്ച് പണം കൈമാറാന്‍ എംബസിയും സഹായ സമിതിയും തയ്യാറാണ്. പണം കോടതിയുടെ അക്കൗണ്ടിലേക്കാണോ സെര്‍ട്ടിഫൈഡ് ചെക്കായി കുടുംബത്തിന് നേരിട്ടുള്ള അക്കൗണ്ടിലാണോ കൈമാറേണ്ടതെന്ന് അറിയിപ്പ് ഗവര്‍ണറേറ്റില്‍ നിന്നും ഇന്ത്യന്‍ എംബസിക്ക് ലഭിക്കും.
ഇത് സംബന്ധിച്ച് ഗവര്‍ണറേറ്റിന്റെ അറിയിപ്പുണ്ടായാല്‍ ദിയ ധനമായ 15 മില്യണ്‍ സൗദി റിയാല്‍ റഹീമിനായി സമാഹരിച്ച തുകയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് ട്രസ്റ്റ് കൈമാറും. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ എംബസി തുക സെര്‍ട്ടിഫൈഡ് ചെക്കായി ഗവര്‍ണറേറ്റ് നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്കും നല്‍കും. മോചനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രധാന ഘട്ടം ഇതോടെ പൂര്‍ത്തിയാകും. പിന്നീട് ഇരു വിഭാഗത്തിന്റെയും വക്കീലുമാര്‍ കോടതിയുടെ സമയം മുന്‍കൂട്ടി വാങ്ങി ഹാജരാകും.
അപ്പോഴേക്കും ഗവര്‍ണറേറ്റില്‍ നിന്ന് രേഖകള്‍ കോടതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.