ഗസ്സ: ഗസ്സയിലെ റഫയിലും ജബാലിയയിലും ഇസ്രയേല്‍ തുടരുന്ന ശക്തമായ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ പട്ടണത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ പലസ്തീന്‍ സായുധ ഗ്രൂപ്പിന്റെ കമാന്‍ഡര്‍ ഇസ്ലാം ഖമയസേഹ് കൊല്ലപ്പെട്ടു. അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിനുനേരെ ഇസ്രയേല്‍ മിസൈല്‍ തൊടുത്തു വിടുകയായിരുന്നു.
വടക്കന്‍ ഗസ്സയിലെ കമല്‍ അഡ്വാന്‍ ഹോസ്പിറ്റലിനു സമീപമുള്ള വീടുകള്‍ക്കു നേരെയുള്ള ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. ജബാലിയയില്‍ അല്‍ ഫലൂജ മേഖലയില്‍ കുടിവെള്ളമെടുക്കാന്‍ പോയവര്‍ക്കുനേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 8 പേരും കൊല്ലപ്പെട്ടു. ആക്രമണം രൂക്ഷമായ റഫയില്‍നിന്ന് 6.30 ലക്ഷം പേരും വടക്കന്‍ ഗാസയില്‍നിന്ന് ഒരു ലക്ഷം പേരും പലായനം ചെയ്തിട്ടുണ്ട്.