ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുപ്രഭാതം പത്രം മുസ്്ലിം ലീഗ് പാർട്ടിക്ക് വിഷമം ഉണ്ടാക്കുന്ന സമീപനം സ്വീകരിച്ചതായി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗ് ഇക്കാര്യം ചർച്ച ചെയ്തുവെന്നും സമസ്തയുമായി അഭിപ്രായം വ്യത്യാസമൊന്നുമില്ലെന്നും പാർട്ടിയുടെ അഭിപ്രായം സമസ്ത നേതൃത്വത്തെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാവില്ലെന്ന് ലീഗ് നേതാക്കൾ നേരത്തെ അറിയിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി ചേരുന്ന ദിവസമായതിനാലാണ് വിട്ടുനിന്നത്. എന്നാൽ, ഉദ്ഘാടനം നിശ്ചയിച്ചതിന് ശേഷമല്ലേ ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത്തരത്തിൽ മുടിനാരിഴ കീറി പരിശോധിക്കേണ്ടതില്ലെന്നായിരുന്നു മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
🚦 മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
👇👇: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu
കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് ജയിക്കും. മലപ്പുറത്തും പൊന്നാനിയിലും മികച്ച വിജയം നേടുമെന്നും പാർട്ടി വിലയിരുത്തിയതായി യോഗശേഷം അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭിന്നിച്ച് വോട്ട് നേടാനാണ് സി.പി.എം ശ്രമിച്ചതെന്നും ബി.ജെ.പിയുടെ തനി പകർപ്പായി സി.പി.എമ്മും മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും വടകരയിൽ സർവ്വകക്ഷി യോഗം വിളിക്കേണ്ടത് സർക്കാരാണെന്നും വിളിച്ചാൽ സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.