കോഴിക്കോട് : എയർ ഇന്ത്യയുടെ കോഴിക്കോട് നിന്നുള്ള ഏക സർവീസ് നിർത്തലാക്കാൻ പോകുന്നു. കോഴിക്കോട് മുംബൈ എയർ ഇന്ത്യ വിമാനമാണ് ജൂൺ 15 മുതൽ നിർത്തലാക്കുന്നത്. കരിപ്പൂർ വിമാനത്താവളം തുടങ്ങിയതുമുതൽ ലാഭത്തിലായിരുന്നെങ്കിലും സ്വകാര്യവത്കരണത്തെ തുടർന്ന് സാങ്കേതിക കാരണങ്ങൾ പറഞ്ഞു വിവിധ സർവീസുകൾ പിൻവലിച്ചതിൽ അവസാനത്തേത് ആണ് ഇപ്പോൾ പിൻവലിച്ച മുംബൈ സർവീസ്. ഇത് നിർത്തലാക്കുന്നതോട് കൂടെ കരിപ്പൂരിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോ എയർ മാത്രമാകും സർവീസ് നടത്തുക.
കോഴിക്കോട് നിന്നും യൂറോപ്പ് സെക്ടറിൽ യാത്ര ചെയ്യുന്നവർ പ്രധാനമായും ആശ്രയിച്ചിരുന്ന വിമാനമാണ് ഇത്. ഈസ്റ്റ് സെക്ടറിലെ യാത്രക്കാർ സീസൺ സമയങ്ങളിലും കൂടുതൽ ലഗേജ് കൊണ്ട് പോകുന്നതിനും ആശ്രയിച്ചിരുന്നത് മുംബൈ വഴിയുള്ള ഈ വിമാനത്തെയായിരുന്നു. ബഡ്‌ജറ്റ് വിമാനങ്ങളോട് സമാനമായ നിരക്കിൽ 40 കിലോ വരെ ലഗേജ് കൊണ്ടുപോകുവാൻ സൗകര്യം ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ മാത്രമുള്ള ഇടവേളയിൽ റിയാദിൽ നിന്നും മറ്റും മുംബൈ വഴി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ നഷ്ടമാവുന്നത്.
അതെ സമയം 2015-ൽ കോഴിക്കോട് വിട്ട സൗദിയ എയർലൈൻസ് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സൗദിയിൽ നിന്നുള്ളവർക്ക് ആശ്വാസം പകരുന്നു. ഒക്ടോബർ 27 മുതൽ സൗദിയ സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്. കോഴിക്കോട്-ജിദ്ദ റൂട്ടിൽ ആഴ്ചയിൽ നാലും കോഴിക്കോട്-റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. സൗദി എയർലൈൻസ് മടങ്ങിയെത്തുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സർവീസ് നിർത്തിവെച്ച , മിഡിൽ ഈസ്റ്റിൽ നിന്നുള്ള മറ്റുള്ള വിമാന കമ്പനികളും തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് പ്രവാസികൾ