തെഹ്റാൻ: ഇന്നലെ തകർന്നു വീണ ഹെലികോപ്ടർ കണ്ടെത്തിയതായി ഇറാൻ റെഡ് ക്രെസെന്റ് അറിയിച്ചു. ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ഹെലികോപ്ടറായിരുന്നു തകർന്നുവീണത്. ദുഷ്കരമായ മേഖലയിൽ രക്ഷാപ്രവർത്തക സംഘം എത്തുകയും ഹെലികോപ്ടർ കണ്ടെത്തുകയും ചെയ്തു.
അതേസമയം, പ്രസിഡന്‍റിന്റെയും വിദേശകാര്യ മന്ത്രിയെയും പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള സ്ഥലത്ത് തപനില കൂടിയ സ്ഥലം തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ കണ്ടെതുകയായിരുന്നു. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാവാണ് സാധ്യതയുള്ളത്ചൂടാവാനുള്ള സാധ്യത മനസ്സിലാക്കി ഇവിടത്തേക്ക് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു.
ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ അപകടത്തിൽ പെട്ടത്. ഇറാൻ അസർബൈജാൻ സംയുക്ത സംരംഭമായ,അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. മടക്ക യാത്രയിൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. മൂന്ന് ഹെലികോപ്ടറിൽ മറ്റു രണ്ട് ഹെലികോപ്ടറും സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.