മലപ്പുറം: ആളുമാറി പോലീസ് അറസ്റ്റ് ചെയ്ത യുവാവ് നാല് ദിവസം ജയിലിൽ കിടന്നു. പൊന്നാനിയിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ, അബൂബക്കർ ആലുങ്ങൽ എന്ന യുവാവിനാണ് പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാല് ദിവസം ജയിലിൽ കഴിയേണ്ടി വന്നത്.
വടക്കേപ്പുറത്ത് താമസിക്കുന്ന അബൂബക്കർ എന്നയാൾക്കെതിരാണ് ആയിഷാബി എന്ന യുവതി പരാതി നൽകിയത്. എന്നാൽ, പോലീസ് അബദ്ധത്തിൽ അബൂബക്കർ ആലുങ്ങലിനെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അബൂബക്കറും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അതിനാൽ, തന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കരുതി അബൂബക്കർ പോലീസിനോട് സഹകരിച്ചു.
പോലീസ് വീട്ടിൽ എത്തി അബൂബക്കറാണോ എന്ന് ഉറപ്പുവരുത്തിയാണ് കൂട്ടിക്കൊണ്ടു പോയത്. എന്നാൽ, തന്റെ പിതാവിന്റെ പേര് ഒന്നാണെങ്കിലും വീട്ടുപേരിൽ വ്യത്യാസമുണ്ടെന്ന് അബൂബക്കർ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസ് അത് കാര്യമാക്കിയില്ലെന്നും ധൃതിയിൽ കോടതിയില്‍ ഹാജരാക്കുയായിരുന്നുവെന്നും അബൂബക്കര് പറഞ്ഞു. കോടതി നാല് ലക്ഷം രൂപ പിഴയും ആറുമാസം തടവ് ശിക്ഷയും വിധിച്ചു.
തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പറഞ്ഞയച്ച അബൂബക്കര് കഴിഞ്ഞ നാലുദിവസം ജയിലില്‍ കഴിയുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിൽ വന്നു രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആളുമാറിയതാണെന്ന് മനസിലായത്.
രണ്ടു പേരുടെയും പിതാവിന്റെ പേരുകള്‍ ഒരേ രൂപത്തിലായതാണ് ആശയക്കുഴപ്പമുണ്ടാകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
നാല് ദിവസത്തെ തടവിന് ശേഷം, യഥാർത്ഥ പ്രതിയെ കണ്ടെത്തിയതോടെ അബൂബക്കറെ വിട്ടയച്ചു. ഈ സംഭവം പോലീസിന്റെ കൃത്യനിർവഹണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തെറ്റായ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ നാല് ദിവസത്തേക്ക് തടവിൽ വെക്കുകയും ചെയ്തതിന്റെ പോലീസിന്റെ വീഴ്ചയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്.