ന്യൂഡൽഹി: ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു.കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് രാത്രി 11.32 ന് തീപിടിത്തം ഉണ്ടായത്. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. അഞ്ച് കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രി ഉടമയ്‌ക്കെതിരെ ഐപിസി സെക്ഷൻ 336, 304 എ, 34 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇദ്ദേഹം ഒളിവിലാണ്. കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തം ഹൃദയഭേദകമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
“സംഭവത്തിൻ്റെ കാരണങ്ങൾ അന്വേഷിക്കുകയാണ്, ഈ അശ്രദ്ധയ്ക്ക് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ല,” അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ കൃഷ്ണ നഗറിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ മറ്റൊരു തീപിടിത്തത്തിൽ മൂന്ന് പേരും മരിച്ചു.