മക്ക: ഭിന്നശേഷിക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ഹറമുകളിൽ പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തി. ഹജ്ജ് സമയത്തെ തിരക്കുകൾക്കിടയിൽ പ്രയാസങ്ങളില്ലാതെ ആരാധനകൾ നിർവഹിക്കാനും വിശ്രമിക്കാനും ഭിന്നശേഷിക്കാർക്ക് വിശാലമായ സൗകര്യങ്ങളാണ് വിശുദ്ധ മസ്ജിദുകളുടെ പരിപാലന അതോറിറ്റി ഒരുക്കിയിരിക്കുന്നത്
വിശുദ്ധ ഹറമിന്റെ വാതിലുകൾക്ക് സമീപം ഭിന്നശേഷിക്കാർക്ക് പ്രാർഥനകൾ നടത്താനുള്ള സ്ഥലങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സം സം വെളളം, ബ്രെയിൽ ലിപിയിലുള്ള വിശുദ്ധ ഖുർആനിൻ്റെ പകർപ്പുകൾ, മറ്റ് വിവിധ പുസ്തകങ്ങൾ, തയമ്മും ചെയ്യാനുള്ള സൗകര്യങ്ങൾ അന്ധർക്കുള്ള വെള്ള വടി, പ്രഭാഷണങ്ങളും മതപാഠങ്ങളും വിവർത്തനം ചെയ്യാൻ യോഗ്യതയുള്ള ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ എന്നിവരേയും അതോറിറ്റി സംവിധാനിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ യാത്രാ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ഹറമുകളിലും പരിസരങ്ങളിലും വീൽചെയറുകളും ഇലക്ട്രിക് വാഹനങ്ങളും ഒരുക്കിയിട്ടുള്ളതായി അതോറിറ്റി അറിയിച്ചു.