വാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപകമായി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെട്ടു. ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത് .
ശനിയാഴ്ച വൈകീട്ട് മുതൽ തെക്കൻ സമതല മേഖലയിൽ ആരംഭിച്ച കൊടുങ്കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഡള്ളാസിന് വടക്കുള്ള വാലി വ്യൂ ഏരിയയിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് അഞ്ച് പേർ മരിച്ചതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും കുക്ക് കൗണ്ടി ഷെരീഫ് റേ സാപ്പിംഗ്ടൺ പറഞ്ഞു.
കൊടുങ്കാറ്റിനെ തുടർന്ന് പെട്രോൾ പമ്പും വീടുകളും തകർന്നു. അന്തർസംസ്ഥാന പാതയിൽ നിരവധി വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്.
വടക്കൻ അർക്കൻസാസിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കൊടുങ്കാറ്റിൽ രണ്ട് പേരും ഒക്ലഹോമയിലെ മെയ്സ് കൗണ്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് പേരും മരിച്ചതായി എമർജൻസി മാനേജ്മെന്റ് കൗണ്ടി ഹെഡ് ജോണി ജാൻസെൻ പറഞ്ഞു.