കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വടകരയില്‍ പോലീസ് സര്‍വകക്ഷിയോഗം വിളിച്ചു. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ യോഗം ചേർന്നു.
തെരഞ്ഞെടുപ്പിൽ ഏറെ വിവാദങ്ങൾക്ക് വഴി വെച്ച കാഫിർ പരാമർശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കി. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗും സിപിഐഎമ്മും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം കൊണ്ട് ശ്രദ്ധിക്കപെട്ട മണ്ഡലമായിരുന്നു വടകര.
പ്രചാരണത്തിനിടക്ക് ശൈലജ ടീച്ചറെ കാഫിർ എന്ന് വിളിച്ചെന്ന് ആരോപിച്ചു യു ഡി എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.എന്നാൽ ഇത് എൽ ഡി എഫിന്റെ വ്യാജ നിർമിതിയാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും യു ഡി എഫും, വിശിഷ്യ മുസ്‌ലിം ലീഗ് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കാഫിർ പരാമർശത്തിന്റെ ഉറവിടം കണ്ടെത്താതെ സർവ്വകക്ഷി യോഗത്തിൽ സംബന്ധിക്കില്ലെന്നും നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
കേവല ലാഭത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ നിർമിക്കുന്ന ഇത്തരം പ്രയോഗങ്ങൾ കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ മാരകമായിരിക്കുമെന്നാണ് പൊതു സമൂഹത്തിന്റെ ആശങ്ക.