റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂൾ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി റോബോട്ടിക്സ് വർക് ഷോപ് സംഘടിപ്പിച്ചു. വിവര സാങ്കേതിക രംഗത്തെ ത്വരിതഗതിയിലുള്ള വളർച്ചയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് വർക് ഷോപ് സംഘടിപ്പിച്ചത്. എയർ ബസ് ഫൗണ്ടേഷനും ലിറ്റിൽ എൻജിനീയറുമായും സഹകരിച്ചാണ് റോബോട്ടിക്സ് വർക് ഷോപ് നടത്തിയത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കോഡിങ്, റോബോട്ടിക്സ്, ഐ ഒ ടി, തുടങ്ങി മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾ വർക് ഷോപിൽ പങ്കെടുത്തു. സാങ്കേതികതയുടെ എല്ലാ തലങ്ങളും ഉൾപ്പെട്ട റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളെ സമഗ്രമായി വിശദീകരിച്ചു. ഗതാഗതരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടാൻ പോകുന്ന റിയാദ് മെട്രോ നിശ്ചിത ലൈനുകൾ മാത്രം ആധാരമാക്കി പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും സാങ്കേതിവിദ്യയുടെ സഹായത്തോടെ വിദ്യാർഥികൾ അവതരിപ്പിച്ചു. വർക്ക് ഷോപ്പിന് ലിറ്റിൽ എൻജിനീയർ സ്ഥാപക റനാ ചെമൈറ്റെല്ലി, സി ഒ ഒ മുഹമ്മദ് അഹ്മദ് അലി അൽജയ്യിദ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്‌മാൻ അഹമ്മദ്, സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.
അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച റോബോട്ടിക്സ് വർക്ക്ഷോപ്പിൽ നിന്ന്