ദുബൈ: 15 വർഷമായി ദുബായിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് യാസിറിന്റെ അക്കൗണ്ടില്‍ ഒറ്റ ദിവസം എത്തിയത് 2,263 കോടി രൂപ. എ ടി എമ്മിൽ ബാങ്ക് ബാലൻസ പരിശോധിച്ചപ്പോഴാണ് ഭീമമായ സംഖ്യ തന്റെ അക്കൌണ്ടിൽ കയറിയ വിവരം യാസിര്‍ അറിയുന്നത്.
യു എ ഇ ഐഡിയും പാസ്പോർട്ടും ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെടുത്തിയ ശേഷം എടിഎം കാർഡ് ശരിയായോ എന്നറിയാനാണ് എടിഎമ്മിൽ കയറിയത്. എന്നാൽ 15,000 ദിർഹം മാത്രം ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിൽ 100 കോടി ദിർഹം ബാലൻസുള്ളതായാണ് കണ്ടത്.
എടിഎമ്മിൽനിന്ന് ലഭിച്ച സ്ലിപ്പ് ചില സുഹൃത്തുക്കൾക്ക് അയച്ച് പരിശോധിച്ചപ്പോഴും ഇത്രയും തുക അക്കൌണ്ടിൽ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കി.
ഓൺലൈൻ തട്ടിപ്പിന്റെ ഭാഗമായി എന്തെങ്കിലും ട്രാപിൽ കുരുങ്ങിയോ എന്നത് മാത്രമല്ല അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നതായിരുന്നു യാസിറിന്റെ പേടി. പിറ്റേന്ന് ബാങ്കിൽ വിഷയം പറഞ്ഞപ്പോഴാണ് സാങ്കേതിക കാരണങ്ങളാലാണ് അക്കൗണ്ടിൽ വൻതുക കാണിച്ചതെന്ന് അധികൃതർ വിശദീകരിച്ചതെന്ന് യാസർ പറഞ്ഞു.
ബാങ്ക് ആവശ്യപ്പെട്ട പ്രകാരം ഒരു ഫോം തന്ന് പൂരിപ്പിച്ച് ബാങ്കിൽ ഏൽപ്പിക്കുകയും മൂന്നു ദിവസത്തിനകം അക്കൗണ്ട് പഴയപടിയാവുകയും ചെയ്തു. അതേസമയം, കെവൈസി അപ്ഡേറ്റ് ചെയ്യാതിരുന്നാൽ അക്കൗണ്ടിൽ നെഗറ്റീവ് തുക കാണിക്കുമെന്നും അത്തരത്തിൽ വരുന്ന തുകക്കൊപ്പം “നെഗറ്റീവ്’ ചിഹ്നം കാണിക്കാത്തതിനാലും അക്കൌണ്ടിൽ വലിയ തുകയെന്ന് തോന്നാമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
ഉത്തർ പ്രദേശിലെ ഒരു കർഷകനും കഴിഞ്ഞ ഇതേ ആഴ്ച അനുഭവം ഉണ്ടായിരുന്നു. അതും സാങ്കേതിക തകരാറ് മൂലം സംഭവിച്ചതാണെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു.