മക്ക: ഹജ്ജിന്റെ ദിവസങ്ങള്‍ അടുത്ത് വരുന്നതിനനുസരിച്ച് സന്ദര്‍ശക വിസയിലെത്തിയ മക്കയിലെ കുടുംബങ്ങളും അങ്കലാപ്പിലാണ്. ഹജ്ജിന് മുന്നോടിയായി നടക്കുന്ന കടുത്ത പരിശോധനയാണ് ഈ ഭീതിക്ക് കാരണം.
ഹജ്ജിനോടനിബന്ധിച്ച് നടന്ന പരിശോധയിൽ ഇരുപതിനായിരത്തിലധികം വിദേശികളെ അറസ്റ്റ് ചെയ്‌തെന്നാണ് സുരക്ഷാ അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ബക്കാലകളിലും ബൂഫിയകളിലും ഒറ്റക്ക് ജോലി ചെയ്യുന്ന മലയാളികള്‍ സന്ദര്‍ശക വിസയിലെത്തിയ കുടുംബത്തെ ചെറിയ സഹായങ്ങള്‍ക്കും ഉപയോഗപ്പെടുത്താറുണ്ട്. മറ്റൊരാളെ ജോലിക്ക് വെക്കാന്‍ സാധിക്കാത്തത് കൊണ്ടും കിട്ടുന്നത് മിച്ചം വെക്കാമെന്ന ഉദ്ദേശത്തിലുമാണ് പലരും ഇത്തരം സാഹസത്തിന് മുതിരുന്നത്. എന്നാല്‍ ശക്തമായ പരിശോധനയും പിടിക്കപ്പെട്ടാലുള്ള കനത്തശിക്ഷയും ഇവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പതിനഞ്ച് വര്‍ഷമായി മക്കയില്‍ ബൂഫിയ നടത്തുന്ന മലപ്പുറത്തുകാരന്‍ രണ്ട് മാസം മുമ്പാണ് കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ട് വന്നത് ബൂഫിയയിലേക്കാവശ്യമായ സാധനങ്ങള്‍ റൂമില്‍ നിന്നും തയ്യാറാക്കുകയും കടയില്‍ എത്തിച്ചു കൊടുത്തും അവര്‍ ഭര്‍ത്താവിനെ സഹായിക്കുന്നുണ്ട്. കുന്നുകൂടിയ കടങ്ങള്‍ സീസണില്‍ തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുകള്‍ അവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ക്കപ്പെടുകയാണ്. പിടിക്കപ്പെട്ടാൽ, നാടുകടത്തൽ അടക്കമുള്ള കനത്ത ശിക്ഷയാണ് ലഭിക്കുക. സന്ദര്‍ശക വിസയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ലെങ്കിലും അവരുടെ ചെറിയ സഹായങ്ങളാണ് മലയാളീ ബൂഫിയക്കാരുടെ ആശ്വാസം.
കൊണ്ടോട്ടി സ്വദേശിയുടെ കടയിലും ഇത് തന്നെയാണ് അവസ്ഥ. ഭാര്യയുടെ ചെറിയ സഹായങ്ങളാണ് ബൂഫിയയുടെ നിലനില്‍പ്. ഉയര്‍ന്ന വാടകയും ബലദിയ്യ ഉള്‍പ്പെടെയുള്ള മറ്റു നിയമ നടപടികൾ പൂർത്തിയാക്കാനുള്ള ചെലവും കഴിഞ്ഞാല്‍ കൂലിക്ക് മറ്റൊരാളെ വെക്കാനുള്ള വകയില്ലാത്തത് കൊണ്ടാണ് ഭാര്യയെ തന്നെ സഹായത്തിന് കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ പരിശോധന പേടിച്ച് കടയില്‍ സഹായത്തിന് കിട്ടുന്നില്ലെന്ന് മാത്രമല്ല ഭാര്യക്ക് റൂമില്‍ തനിച്ച് നില്‍ക്കാനും പറ്റുന്നില്ല. അടുത്ത ബന്ധുക്കളുടെ അടുത്തേക്ക് മാറാമെന്ന് കരുതിയാലും ഈ സമയത്ത് ആരും സഹായിക്കാനില്ലെന്നതാണ് മറ്റൊരു സത്യം. വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിനില്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തിലെ ഒരംഗത്തെയാണ് കഴിഞ്ഞ ദിവസത്തെ പരിശോധയില്‍ പിടിച്ചത്, മക്കയില്‍ നിന്നും അതിര്‍ത്തി കടത്തിയ അയാള്‍ ജിദ്ദയിലും ബാക്കിയുള്ളവര്‍ മക്കയിലും കഴിയുകയാണ്. നാലാം തിയ്യതി നാട്ടിലേക്ക് തിരിച്ചു പോവേണ്ട കുടുംബത്തിലെ നാഥനെയാണ് മറ്റൊരു പരിശോധനയില്‍ പിടിച്ചത്. കുടുംബം മക്കയില്‍ ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ കഴിയുകയാണ്. മക്കയിലുള്ള ശരാശരി മലയാളി കുടുംബങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്.
നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് മക്കയില്‍ ഇത്തരത്തില്‍ കഴിയുന്നത്. ഹജ്ജിനോടനുബന്ധിച്ചു നടക്കുന്ന കനത്ത സുരക്ഷാ പരിശോധനകളില്‍ പുറത്തിറങ്ങാനോ ജോലിക്ക് പോവാനോ സാധിക്കുന്നില്ല. ഉംറ വിസയിലും സന്ദര്‍ശക വിസയിലുമായി മക്കയിലെത്തി തിരിച്ചു പോവാന്‍ സാധിക്കാത്ത ചുരുക്കം മലയാളികളും മക്കയിലുണ്ട്. തുടര്‍ന്നുള്ള അവരുടെ സ്ഥിതി എന്താവുമെന്ന് കണ്ടറിയണമെന്നാണ് മക്കയില്‍ ജോലി ചെയ്യുന്ന യഹിയാ ഖാന്‍ ആശങ്കപ്പെടുന്നത്.
സന്ദര്‍ശക വിസയിൽ എത്തിയവർക്ക് ഹജ്ജിന് സൗകര്യം ചെയ്തു കൊടുക്കുമെന്ന പരസ്യങ്ങള്‍ നേരത്തെ സോഷ്യൽ മീഡിയില്‍ വ്യാപകമായിരുന്നു. പാകിസ്താന്‍ ഈജിപ്ത് തുടങ്ങിയ ദേശക്കാരായിരുന്നു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ചിലരെ സുരക്ഷാ അധികൃതര്‍ പിടികൂടുകയും ചെയ്തിരുന്നു. പരിശോധന ശക്തിപ്പെടുത്താനുള്ള കാരണം ഇതായിരിക്കാമെന്നും പറയപ്പെടുന്നുണ്ട്.
സന്ദര്‍ശക വിസയിലുള്ള 40000 ലതികം ആളുകള്‍ മക്കയിലുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയോട് പൂര്‍ണ്ണമായും സഹകരിച്ച് ഹാജിമാര്‍ക്ക് സൗകര്യപ്രദമായി രീതിയില്‍ ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുകയും സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മലയാളി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കെ എം സി സി സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ പ്രതികരിച്ചു.
മഹ്‌റമില്ലാതെ വന്ന വനിതാ ഹാജിമാര്‍ക്ക് വലിയ സഹായമായിരുന്നു വനിതാ വളണ്ടിയര്‍മാര്‍. പരിശോധന കര്‍ശനമായതിനെ തുടര്‍ന്ന് സന്ദര്‍ശക വിസയിലുള്ള സ്ത്രീകള്‍ എല്ലാവരും പിന്‍വലിഞ്ഞതോടെ വനിതാ വളണ്ടിയര്‍മാരുടെ സേവനം ഗണ്യമായി കുറഞ്ഞെന്ന് നവോദയ ഏരിയാ സെക്രട്ടറി ബഷീര്‍ നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.
മക്കാ ഇക്കാമയുള്ളവര്‍ക്ക് അവരുടെ ഫാമിലികളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് തടസ്സങ്ങളില്ല. അത് കൊണ്ട് തന്നെ ഒട്ടേറെ മലയാളി സുഹൃത്തുക്കള്‍ അവരുടെ കുടുംബത്തെ ഈ വര്‍ഷവും കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസമായി യൂണിഫോമിലും സിവില്‍ ഡ്രസ്സുകളിലും ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റുകള്‍ കയറി പരിശോധന നടത്തുകയും അനധികൃത താമസക്കാരെ പിടിച്ചു കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ഈ കൂട്ടത്തിൽ സന്ദർശ വിസയിലുള്ളവരെയും പിടിക്കപ്പെടുമെന്ന് മലയാളികളില്‍ ഭീതിയുളവാക്കിയിട്ടുണ്ടന്ന് ഒ ഐ സി സി മക്ക ഏരിയാ പ്രസിഡന്റ് നൗഷാദ് പെരിന്തല്ലൂർ പറഞ്ഞു.
ഹജ്ജ് സമയങ്ങളിലെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് സുരക്ഷാ അധികൃതരും മലയാളി സംഘടനകളും നിരന്തരമായി അറിയിച്ചിട്ടുണ്ടെങ്കിലും എല്ലാ വിഷയങ്ങളും നിസാരമായി കാണുന്ന മലയാളികളുടെ പതിവ് രീതി ഈ വിഷയത്തിലും ഉണ്ടായിട്ടുണ്ട്.