ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. എന്‍ഡിഎ സഖ്യം 290 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും 230 സീറ്റില്‍ ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നുണ്ട്.
നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവരുടെ സഹായത്തോടെയാണ് എന്‍.ഡി.എ 290 ലെത്തി നില്‍ക്കുന്നത്. അതിനാല്‍ തന്നെ സഖ്യം ആടിയുലയാനുള്ള സാധ്യത ഏറെയാണ്. നായിഡുവിനേയും നിതീഷിനേയും ഉറപ്പിച്ചുനിര്‍ത്തുക എന്നത് ബി.ജെ.പിക്ക് ശ്രമകരമാകും. ഇതിനിടെ ഡി.എം.കെ അടക്കമുള്ളവരെ ക്ഷണിക്കുകയാണ് ബി.ജെ.പി.
പത്തുവര്‍ഷം കഴിയുമ്പോള്‍ ബി.ജെ.പിയെ ജനങ്ങള്‍ക്ക് മടുക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം അക്ഷരാര്‍ഥത്തില്‍ ഫലിച്ചിരിക്കുകയാണ്.
അപ്രതീക്ഷിത പോരാട്ടമാണ് പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി കാഴ്ച വയ്ക്കുന്നത്. ഇന്ത്യ സഖ്യം നിലവില്‍ 231 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഭരണം പിടിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. എന്‍ഡിഎയ്ക്ക് ഇപ്പോഴുള്ളത് 295 സീറ്റുകളിലെ ലീഡാണ്. ഈ ലീഡ് നില എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്ന അവസ്ഥയാണ്.
വാരണാസിയില്‍ മോദിയെ ഞെട്ടിക്കാന്‍ വരെ കോണ്‍ഗ്രസിന് കഴിഞ്ഞു. ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും മോഡിയുടെ ഭൂരിപക്ഷം വളരെ കുറഞ്ഞു. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 36 ലോക്‌സഭാ സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി യുപിയില്‍ 34 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യ സഖ്യം ശക്തമായി തിരിച്ച് വരുകയായിരുന്നു. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് എന്‍ഡിഎ മുന്നില്‍ കയറുകയായിരുന്നു. പക്ഷെ വീണ്ടും മുന്നേറ്റം നടത്താന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞു. 2014 നു ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുപി റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇത്തവണ 50000 വോട്ടുകള്‍ക്ക് മുന്നിലാണ്. രാഹുലിനെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ് പരാജയം മുന്നില്‍ കാണുന്നത്.