ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയതോടെ ഇന്ദ്രപ്രസ്ഥത്തില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങി. വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ബി.ജെ.പി അധികാരം നിലനിര്‍ത്താന്‍ തീവ്രശ്രമത്തിലാണ്. ഇന്ത്യ സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ്.
അമിത് ഷാ തന്നെയാണ് ബി.ജെ.പിയുടെ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യ സഖ്യത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെ കൂടാതെ എന്‍.സി.പി നേതാവ് ശരത് പവാറും രംഗത്തുണ്ട്.
ബംഗാളില്‍ മമത ഇന്ത്യ സഖ്യത്തിനൊപ്പം തന്നെ നിലയുറപ്പിക്കുമെന്നാണ് സൂചന. ബിഹാറിലെ നിതീഷ് കുമാറും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവുമാണ് തുറുപ്പുശീട്ടുകള്‍. നിതീഷ് ഇന്ത്യ സഖ്യത്തോടൊപ്പം ചേരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിതീഷിന് പ്രധാനമന്ത്രിപദം നല്‍കണമെന്ന് മമത ആവശ്യപ്പെട്ടുകഴിഞ്ഞു. ഉപപ്രധാനമന്ത്രിപദം നല്‍കാന്‍ കോണ്‍ഗ്രസ് തയാറായേക്കും. തല്‍ക്കാലം എന്‍.ഡി.എ വിടില്ലെന്ന് നിതീഷ് പറയുന്നുവെങ്കിലും കാര്യം മാറി മറിയാന്‍ സമയം അധികം വേണ്ട.
ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നിതീഷും മോഡിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടായ സാഹചര്യത്തില്‍ മോഡി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന് നിതീഷ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടാകും.
ചന്ദ്രബാബു നായിഡു എപ്പോഴും നിശബ്ദമായി പ്രവര്‍ത്തിക്കുന്നയാളാണ്. അദ്ദേഹത്തേയും പവാര്‍ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചുകഴിഞ്ഞു. നായിഡു എളുപ്പം വഴങ്ങുന്ന ആളല്ല. തല്‍ക്കാലം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാലും സഖ്യകക്ഷികളുടെ ശക്തിമൂലം അസ്ഥിരമാകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.