തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും മുരളീധരൻ പറഞ്ഞു. ഞാൻ വടകരയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും പ്രചാരണ പരിപാടികളിൽ നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിനായി പ്രചരണം നടത്തി എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.