തിരുവനതപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഭരണവീഴ്ചകളെ വിമർശിച്ചു സി.പി.ഐ. തെരഞ്ഞെടുപ്പ് പരാജയം ഇടതു മുന്നണിയുടെ പരാജയമാണെന്നും ഇടതുസർക്കാരിന്റെ ഭരണത്തില്‍ ജനം നിരാശരാണെന്നും സി.പി.ഐ. കൗണ്‍സിലംഗം കെ. കെ. ശിവരാമന്‍ പറഞ്ഞു. നിരന്തരമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാൻ കഴിയാത്തതും ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അഴിമതിയും തെരെഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കെ.കെ. ശിവരാമന്‍ അഭിപ്രായപ്പെട്ടു.
ഇടത് ഭരണത്തിൽ ജനങ്ങള്‍ നിരാശരായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്, ഇടതുപക്ഷ ഗവണ്‍മെന്റില്‍ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല എന്ന തോന്നൽ ആളുകൾക്കുണ്ടായെന്ന് ശിവരാമന്‍ പറഞ്ഞു. സാമൂഹ്യക്ഷേമപെന്‍ഷൻ വിതരണത്തിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുത്തിയ 18 മാസ കുടിശ്ശികയേക്കാളും ഇടതുപക്ഷജനാധിപത്യമുന്നണി വരുത്തിയ ആറ് മാസം കുടിശ്ശികയാണ് പാവപ്പെട്ട ജനങ്ങളുടെ മനസ്സിലുള്ളത്. അതുപോലെ മാവേലി സ്‌റ്റോറുകൾ കാലിയായതും ജനങ്ങളെ ബാധിച്ചിട്ടുണ്ട്. വീഴ്ചകൾ പരിഹരിച്ച്, ജനങ്ങളുടെ നിരാശയും അസംപ്തൃപ്തിയും മാറ്റി ജനങ്ങളുടെ താങ്ങും തണലുമായി സര്‍ക്കാര്‍ മാറേണ്ടതാണെന്നും ശിവരാമന്‍ പ്രതികരിച്ചു