24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

തീവ്രവര്‍ഗീയതയെ തിരസ്‌കരിച്ച് ഹിന്ദി ഹൃദയഭൂമി, തുണച്ചവര്‍ തന്നെ തിരുത്തിയ വലിയ രാഷ്ട്രീയം

ന്യൂദല്‍ഹി: കടുത്ത വര്‍ഗീയ ധ്രുവീകരണമായിരുന്നു കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടേയും നരേന്ദ്രമോഡിയുടേയും തുറുപ്പുശീട്ട്. 2002 ലെ ഗുജറാത്ത് കലാപം മുതല്‍ മോഡി പയറ്റിവരുന്ന ഈ തന്ത്രമാണ് 2014 ല്‍ ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്. 10 വര്‍ഷം നീണ്ട യു.പി.എ ഭരണത്തിലെ അഴിമതിയും മോഡിക്ക് അത്തവണ തുണയായി. എന്നാല്‍ 2019 ല്‍ തീവ്രവര്‍ഗീയതയും തീവ്രദേശീയതയും ഉയര്‍ത്തിവിട്ടായിരുന്നു വോട്ടുപിടിക്കല്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം ഈ വര്‍ഗീയ ധ്രുവീകരണത്തിന്റെ ചുവടു പിടിച്ചായിരുന്നു. ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ പരമാവധി ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പി മാത്രമല്ല, സര്‍ക്കാര്‍ മെഷിനറിയും ആഞ്ഞു ശ്രമിച്ചു. എന്നാല്‍ ഈ തീവ്ര വര്‍ഗീയതയെ തുണക്കാനില്ലെന്ന സന്ദേശം നല്‍കുന്നതാണ് 2024 ലെ പൊതുതെരഞ്ഞെടുപ്പ് ഫലം.

2019 ല്‍ ബി.ജെ.പിയെ മുന്നൂറ് കടത്തിവിട്ടത് ഹിന്ദി ഹൃദയഭൂമിയാണെങ്കില്‍ ഇത്തവണ തിരുത്തിയതും അതേ പ്രദേശം. ഇതില്‍ പ്രധാനം ഏറ്റവുമധികം എം.പി.മാരെ തിരഞ്ഞെടുത്തയക്കുന്ന ഉത്തര്‍പ്രദേശ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ സമാജ്‌വാദി പാര്‍ട്ടി പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിയായിരുന്നെന്ന് ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പുകൂടിയാണ് ഇക്കുറി നടന്നത്.

കഴിഞ്ഞതവണ വെറും അഞ്ചു സീറ്റിലൊതുങ്ങേണ്ടി വന്ന സമാജ് വാദി പാര്‍ട്ടി ഇത്തവണ 38 സീറ്റുപിടിച്ചു. യു.പിയിലെ രാഷ്ട്രീയചിത്രം വെച്ചുനോക്കിയാല്‍ ദുര്‍ബലമായ കോണ്‍ഗ്രസിനും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വഴിതുറന്നത് എസ്.പിയുടെ പോരാട്ടമാണെന്നു പറയാം. കഴിഞ്ഞതവണ 62 സീറ്റ് നേടാനായ ബി.ജെ.പി.ക്ക് ഇത്തവണ 33 ലേക്ക് ഒതുങ്ങേണ്ടിവന്നു. ബി.ജെ.പി. അവരുടെ ഹിന്ദുത്വ പരീക്ഷണശാലയായി ഏറ്റവുമധികം ഉപയോഗിക്കുന്ന മണ്ണിലുണ്ടായ തിരിച്ചടി തീവ്ര വര്‍ഗീയധ്രുവീകരണ അജണ്ടകള്‍ക്കേറ്റ കനത്ത തിരിച്ചടിയായി.

ബിഹാറിലും കഴിഞ്ഞ തവണത്തെ നേട്ടം ബി.ജെ.പി.ക്ക് ആവര്‍ത്തിക്കാനായില്ല. ശക്തമായ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുന്ന ബിഹാറിന്റെ മണ്ണില്‍ ദാരിദ്ര്യത്തിന്റെ രാഷ്ട്രീയംകൂടി ചര്‍ച്ചചെയ്യപ്പെട്ടു. ഭരണകക്ഷിയെന്ന നിലയിലെ ഭരണവിരുദ്ധവികാരത്തെ മറികടന്നും ബിഹാറില്‍ ജെ.ഡി.യു.വും ബി.ജെ.പിയും എല്‍.ജെ.പിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയും ചേര്‍ന്ന സഖ്യം 30 സീറ്റു നേടി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതിയുടെ ഗുണഫലം ബിഹാറില്‍ എന്‍.ഡി.എ്ക്ക് വലിയ അളവില്‍ തുണയായി.

രാജസ്ഥാനില്‍ കഴിഞ്ഞതവണ 25-ല്‍ 25-ഉം നേടിയ ബി.ജെ.പിക്ക് ഇത്തവണ ഇന്ത്യസഖ്യത്തില്‍നിന്ന് പ്രഹരമേറ്റു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുണ്ടായ തിരിച്ചടി ഹിന്ദുത്വ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയായി. കോണ്‍ഗ്രസ് എട്ടും സി.പി.എം. ഒന്നും ഭാരത് ആദിവാസ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ക്രാന്തിക് പാര്‍ട്ടി എന്നിവ ഓരോന്നും വീതം സീറ്റുനേടി. ഹരിയാനയാണ് ബി.ജെ.പിക്ക് പ്രഹരമേറ്റ മറ്റൊരു സംസ്ഥാനം. കഴിഞ്ഞതവണ പത്തില്‍ പത്തും നേടിയ അവര്‍ക്ക് ഇക്കുറി അഞ്ചിടത്തേ വിജയിക്കാനായുള്ളൂ. പഞ്ചാബിലാകട്ടെ കഴിഞ്ഞതവണ നേടിയ രണ്ടുസീറ്റ് കൈവിട്ടു.

ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണശാലകളായ ഗുജറാത്തിലും മധ്യപ്രദേശിലും അവര്‍ക്ക് കാര്യമായ പോറലില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞതവണ നേടിയ ഒരു സീറ്റുകൂടി കൈവിട്ട് സംപൂജ്യരായി. എന്നാല്‍, ഗുജറാത്തില്‍ കഴിഞ്ഞ തവണത്തേതില്‍നിന്ന് ഭിന്നമായി കോണ്‍ഗ്രസിന് ഒരു സീറ്റുനേടി അക്കൗണ്ട് തുറക്കാനായത് നേരിയ ആശ്വാസമായി.

Related Articles

- Advertisement -spot_img

Latest Articles