ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ നരേന്ദ്ര മോദി. ഇന്ന് ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിൽ മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തു. എൻഡിഎ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കണ്ട്
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.
പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏകനാഥ് ഷിൻഡെ, ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു.
എന്നാൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ അറിയിച്ചുള്ള കത്ത് ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറും പ്രധാനമന്ത്രിക്ക് കൈമാറിയിട്ടില്ല. അതേസമയം ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെ പിന്തുണ നൽകിയുള്ള കത്ത് കൈമാറുകയും ചെയ്തു.
എൻഡിഎ സർക്കാർ എത്രയും പെട്ടന്ന് തന്നെ രൂപീകരിക്കണമെന്നാണ് യോഗത്തിൽ പൊതുവായി ഉയർന്ന അഭിപ്രായം. ഘടകകക്ഷികൾക്ക് ലഭിക്കുന്ന സ്ഥാനങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്തില്ലെന്നാണ് അറിയുന്നത്.