കൊച്ചി: എറണാകുളം പൊന്നുരുന്നിയിലെ സ്വകാര്യ ഹോസ്റ്റൽ കുളിമുറിയിൽ കാമറ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് മൂന്ന് മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തു. വീട്ടുടമയുടേതും ഭാര്യയുടേതുമാണ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍. വിശദമായ പരിശോധനക്കായി ഫോണുകൾ ഉടന്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
കടവന്ത്ര പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെ കുളിമുറിയില്‍ കാമറ ഓണ്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ബുധനാഴ്ചയാണ് പെണ്‍കുട്ടികള്‍ കണ്ടത്. എക്സ്ഹോസ്റ്റ് ഫാനിനിടയിൽ ഒളിപ്പിച്ചു വെച്ചരീതിയിലായിരുന്നു കാമറ. വിവരം ലഭിച്ചു പോലീസ് എത്തിയപ്പോഴേക്കും കാമറ കാണാനില്ലായിരുന്നു. ഫോണ്‍ പിന്നീട് കണ്ടെത്താനായിട്ടുമില്ല. അതേസമയം പെണ്‍കുട്ടികള്‍ സംശയം പ്രകടിപ്പിച്ചതടിസ്ഥാനത്തിൽ ഹോസ്റ്റല്‍ നടത്തിപ്പുകാര്രുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.