മക്ക: വിശുദ്ധ ഭൂമിയിൽ തീർഥാടനത്തിനെത്തിയ ഹാജിമാർക്ക് സേവനം ചെയ്യുന്നതിൽ നേരിട്ട പ്രതിസന്ധിക്ക് ഉടനെ പരിഹാരം ഉണ്ടാകുമെന്ന് സേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ മലയാളി കൂട്ടായ്മകൾ പ്രതീക്ഷ പ്രകടപ്പിച്ചു. സേവന പ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള സൗദി ഭരണകൂടം, ഹജ്ജ് വളണ്ടിയർ സേവനം പൂർണ്ണമായും തടയില്ലെന്നു തന്നെയാണ് ഇവർ കരുതുന്നത്.
സൗദി ആരോഗ്യ മന്ത്രാലയമുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ, മുൻ വർഷങ്ങളിൽ നിന്ന് വിത്യസ്തമായി കൂടുതൽ വളണ്ടിയർമാരെ വിന്യസിക്കുന്നതായാണ് കണ്ടു വരുന്നത്. ഇതിന് പുറമെ, ബോധവൽക്കാരണത്തിനും മറ്റുമായി റോബോർട്ടിക് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തന സജ്ജമാക്കിയ ശേഷം, ഏറ്റവും കൂടുതൽ തിരക്കുള്ള ജംറകളിലെ കല്ലേറ് ദിവസങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെയും പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ വർഷങ്ങളിൽ, ആശയ വിനിമയത്തിനും മറ്റുമായി സ്വദേശി വളണ്ടിയർമാർ പലപ്പോഴും സമീപിക്കാറുണ്ടെന്നും ആദരവോടെയും ബഹുമാനത്തോടെയുമാണ് അവർ ഇടപഴകാറുള്ളതെന്നും പരിചയ സമ്പന്നർ പങ്കുവെക്കുന്നു. ഇരുപത് വർഷത്തിലധികമായി മലയാളി സമൂഹം ഹജ്ജ് സേവനം തുടങ്ങിയിട്ട്. ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് മറ്റ് സംസ്ഥാനക്കാരും രാജ്യക്കാരും സേവനരംഗത്തിറങ്ങിയിട്ടുണ്ട്.
വളണ്ടിയർ സേവനത്തിന്റെ മറവിൽ ഹജ്ജ് ചെയ്യുന്നതും വളണ്ടിയർ കാർഡ് ദുരുപയോഗം ചെയ്ത് ടെന്റുകളിൽ കയറിയിറങ്ങുന്നതും ശ്രദ്ധയിൽ പെട്ടതിനാലാവണം എല്ലാ വർഷങ്ങളിലെയും പോലെ നിയന്ത്രണം കൊണ്ട് വന്നതെന്ന് കരുതുന്നവരും ഉണ്ട്.