ദോഹ: ചടുലമായ നീക്കങ്ങളുമായി മൈതാനം നിറഞ്ഞു കളിച്ച ഇന്ത്യയുടെ സ്വപ്നം തകർത്ത് ഖത്തറിന്റെ വിവാദ ഗോൾ. വിവാദ ഗോളിന്റെ ബലത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഖത്തര്‍. ഇതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം തോറ്റത്. ഒരു ഗോളിന് മുന്നിട്ടു നിൽക്കുമ്പോഴാണ് 73-ാം മിനിറ്റിൽ ഇന്ത്യയ്‌ക്കെതിരേ ഖത്തര്‍ വിവാദ ഗോൾ നേടുന്നത്. ഗോള്‍ ലൈനും കടന്ന് കളിക്കളത്തിന് പുറത്തുപോയ പന്ത് വീണ്ടും കളത്തിലേക്ക് വലിച്ചെടുത്താണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. അതിന് പിന്നാലെ 85-ാം മിനിറ്റിലും ഖത്തര്‍ ഇന്ത്യക്കെതിരെ ഗോളടിച്ചു. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കുവൈത്ത് മൂന്നാം റൗണ്ടിലേക്ക് മുന്നേറി
കൃത്യമായ പരിശീലനം നല്കിയാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിനെ കളത്തിലിറക്കിയത്. തുടക്കം മുതല്‍ തന്നെ ഇന്ത്യൻ ടീം ശക്തമായി മുന്നേറി. കുറിയ പാസുകളുമായി മൈതാനത്ത് ടീം നിറഞ്ഞാടിയപ്പോൾ മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. എന്നാല്‍ കിട്ടിയ അവസരങ്ങlellam ഖത്തറും ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. 11-ാം മിനിറ്റിലെ ഖത്തറിന്റെ മുന്നേറ്റം ഗോള്‍വരയ്ക്കടുത്തുവെച്ച് മെഹ്താബ് സിങ് പ്രതിരോധിച്ചു. അക്രമിച്ചു കളിച്ച ഇന്ത്യ 32-ാം മിനിറ്റില്‍ ഗോളിനടുത്തെത്തിയെങ്കിലും മന്‍വിര്‍ സിങ്ങിന് ലഭിച്ച സുവര്‍ണാവസരം ഖത്തര്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി.
ഖത്തറിന്റെ പെനാല്‍റ്റി ബോക്സിലേക്ക് ഇരച്ചു നീങ്ങുന്ന ഇന്ത്യന്‍ താരങ്ങളേയാണ് ആദ്യ പകുതി മുഴുവനും കണ്ടത്. പിന്നാലെ ഖത്തറിനെ ഞെട്ടിച്ച് ഇന്ത്യ മുന്നിലെത്തി. ആദ്യ പകുതി ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നു.
തിരിച്ചടി ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഖത്തര്‍ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ടു. പന്തുമായി മൈതാനത്ത് ആധിപത്യം പുലര്‍ത്താനും ഖത്തറിനായി. ഖത്തര്‍ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍ പ്രതിരോധത്തിനായില്ല. 73-ാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ച് ഖത്തര്‍ മുന്നിലെത്തി. യൂസഫ് ഐമനിലൂടെ ഖത്തര്‍ സമനില പിടിച്ചു. എന്നാല്‍ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്നും ഗോള്‍ അനുവദിക്കരുതെന്നും ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയത് റിപ്ലേയില്‍ വ്യക്തമായിരുന്നു. പുറത്തുപോയ പന്ത് ഖത്തര്‍ താരം അല്‍ ഹാഷ്മി ബാക് ഹീലിലൂടെ ഐമന് നല്‍കിയാണ് താരം വലകുലുക്കിയത്. 85-ാം മിനിറ്റില്‍ അഹ്‌മദ് അല്‍ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ തീര്‍ത്തും പ്രതിസന്ധിയിലായി. പിന്നാലെ ഗോള്‍ നേടാന്‍ ഇന്ത്യ മുന്നേറ്റം ശക്തമാക്കിയെങ്കിലും ഖത്തര്‍ പ്രതിരോധം മറികടക്കാനായില്ല. അതോടെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നവും പൊലിഞ്ഞു