കോഴിക്കോട്: കരിപ്പൂരിലേക്ക് പുറപ്പെട്ട അഞ്ചു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി. കലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് നാല് വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലേക്ക് തന്നെ തിരികെ പോയെങ്കിലും ഒരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. കോഴിക്കോട്ടേക്ക് എത്രയും പെട്ടന്ന് വിമാനം പുറപ്പെടുന്നതിന് ആവശ്യമായ നടപടികൾ സ്വകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിലെ യാത്രക്കാർ പ്രതിഷേധം തുടരുന്നു.
ഇതിനിടെ, ഷാർജയിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ IX 356 ഷാർജാ – കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുലർച്ചെ 2 :30 പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂർ വൈകി പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ, ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ഇതോടെ 170 ലേറെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി.
മോശം കാലാവസ്ഥയും വിമാനത്തിന്റെ സാങ്കേതിക തകരാറും മൂലം അവതാളത്തിലായ കോഴിക്കോട് വിമാനത്താവളത്തിലെ സർവീസുകൾ എപ്പോൾ സാധാരണഗതിയിലേക്ക് എത്തുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ഗൾഫു നാടുകളിൽ സ്‌കൂളുകൾക്ക് അവധികാലം ചെലവഴിക്കാനും പെരുന്നാൾ അവധിക്കും കൂടുതൽ ആളുകൾ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന സമയത്താണ് ഇത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.