തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്ക് യാത്ര നിഷേധിച്ച് കേന്ദ്രം. ഡൽഹിയിലെ റെസിഡന്റ് കമ്മീഷണർ മുഖാന്തിരമാണ് യാത്രനുമതിക്ക് ശ്രമിച്ചിരുന്നത്. എന്നാൽ യാത്രാനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല.
മന്ത്രി വീണാ ജോർജ് വ്യാഴാഴ്ച രാത്രി 9.40-ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലായിരുന്നു പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ അനുമതി ലഭിക്കാത്തതോടെ അവർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മന്ത്രി വീണാ ജോർജിനെ കുവൈറ്റിലേക്ക് അയക്കാൻ നിശ്ചയിച്ചത്. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ജീവന് ബാബും വീണയ്ക്കൊപ്പം പോകാൻ തീരുമാനമായിരുന്നു അതേസമയം കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈറ്റിലുണ്ട്.
മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റ മലയാളികളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈറ്റിലേക്ക് പോകുന്നതെന്നാണ് അറിയിച്ചിരുന്നത്