മക്ക: പ്രാർഥനാ വചസ്സുമായി ഇരുപത് ലക്ഷം ഹാജിമാർ ഇന്ന് അറഫയിൽ സംഗമിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ പുണ്യ ഭൂമിയിലെത്തിയ ലക്ഷങ്ങൾക്ക് ഒരേ മനസ്സ് ഒരേ മന്ത്രം ഒരേ വേശം. അവർക്ക് മുമ്പിൽ സ്രഷ്ടാവിന്റെ കരുണ്യത്തിനുള്ള തേട്ടമല്ലാതെ മറ്റൊന്നില്ല. കഴിഞ്ഞകാല പാപങ്ങൾക്ക് പ്രായശ്ചിത്തം തേടിയാണവർ അറഫയിലെത്തിയത്, തുടർന്നുള്ള ജീവിതം സ്ഫുടം ചെയ്തെടുക്കണം. ഒരു നിമിഷം പോലും ഭൌതിക ചിന്തകൾക്ക് അവസരം നാൽകാതെ പ്രപഞ്ച നാഥന്റെ കാരുണ്യങ്ങൾക്കായി അവർ മനമുരുകി പ്രാർഥിച്ചു.
ലോക സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രമേയമാക്കിയാണ് അറഫ സംഗമത്തിലെ പ്രഭാഷണം. ഹറം ഇമാമും ഖതീബുമയ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയാണ് അറഫാ സംഗമത്തിൽ ഖുതുബ നിർവഹിച്ചത്. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഇരുപത് ലക്ഷം ഹാജിമാരാണ് അറഫയിൽ സംഗമിച്ചത്.
അറഫയിലെ സംഗമങ്ങൾക്ക് ശേഷം ഇന്നത്തെ അസ്തമയത്തോടെ ഹാജിമാർ മുസ്തലിഫയിലേക്ക് നീങ്ങും. തൽബിയത്തിന്റെ ആരവങ്ങളാലും പ്രാർഥനകളുടെ ഈരടികളാലും മുഖരിതമായ അറഫയയോട് യാത്ര പറയുന്ന ഓരോ ഹാജിയുടെയും കണ്ഡമിടറും ഹൃദയം തപിക്കും കണ്ണുകൾ നിറയും, ഇനിയൊരു സംഗമതിനായി മനസ്സ് കൊതിക്കും. അന്ത്യപ്രവാചകന്റെ അവസാന പ്രഭാഷണങ്ങളുടെ ശബ്ദ വീചികൾ അവരുടെ കർണ്ണപ്പടത്തിൽ പ്രതിഫലിക്കും. അറഫയിൽ നിന്നും നേടിയ ആത്മീയ നിർവൃതിയുമായി ഇന്ന് രാത്രി ഹാജിമാർ മുസ്തലിഫയിൽ വിശ്രമിക്കും.
ഹാജിമാർക്ക് അറഫയിൽ നിന്നും മടങ്ങാൻ ഏറ്റവും ആധുനിക സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. വാഹനങ്ങൾക്ക് പുറമെ എയര്‍ ടാക്‌സി, മെട്രോ ട്രെയിന്‍ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. മിനായിലെ താമസ ഭക്ഷണ സൗകര്യങ്ങളും ഏറ്റവും നൂതനവും സൗകര്യപ്രദവുമായ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.