38.5 C
Saudi Arabia
Monday, July 7, 2025
spot_img

ഡിസ്പാക് ടോപ്പേഴ്സ് അവാര്‍ഡും ക്ലസ്റ്റര്‍ മീറ്റ് ജേതാക്കള്‍ക്ക് സ്വീകരണവും

ദമ്മാം: ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് അസോസിയേഷന്‍ (ഡിസ്പാക്)  ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. 2023-24 വര്‍ഷത്തില്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും  റിയാദിലെ  ക്ലസ്റ്റര്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികളേയുമാണ് ആദരിച്ചത്.

അല്‍ കോബാര്‍ അപ്സര ഓഡിറ്റോറിയത്തിന്‍ നടന്ന ചടങ്ങ്  പ്രമുഖ എഴുത്തുകാരനും  വിദ്യാഭ്യാസ വിചക്ഷണനുമായ സയിദ് അബ്ദുല്ല റിസ് വി ഉല്‍ഘാടനം ചെയ്തു. അക്കാദമിക് ബിരുദങ്ങള്‍ക്കൊപ്പം  സാമൂഹ്യ പ്രതിബദ്ധത കൂടിയുള്ള  ഒരു സമൂഹമായി വളരുന്നതോട് കൂടി മാത്രമേ വിജയം പൂര്‍ണ്ണമാകുയുള്ളൂവെന്ന് അബ്ദുല്ല റിസ് വി പറഞ്ഞു. ഉന്നത വിദ്യഭാസം നേടുന്നതോടൊപ്പം രാജ്യത്തിന്‌ ഉപകരിക്കുന്ന തലത്തിലുളള പൗരന്മാരായി വളരണമെന്നും  അദ്ദേഹം വിദ്യർഥികളെ  ഉപദേശിച്ചു.

ഡിസ്പാക്ക് പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളായ ഹഫ് സ അബ്ദുല്‍ സലാം, ഹനൂന്‍ നൂറുദ്ദീന്‍, ആസിയ ഷിയാസ് റൂന, മുഹൈമിം ഉമര്‍, സ്നേഹില്‍ ചാറ്റര്‍ജി, അശ്വിനി അബിമോന്‍, ആരോഹി മോഹന്‍, താഹ ഫൈസല്‍ ഖാന്‍, മൈമൂന ബുട്ടൂല്‍, റീമ അബ്ദുല്‍ റസാക്, സൈനബ് ബിന്‍ത് പര്‍വേസ്, സയിദ് ഫാത്തിമ ഷിറാസ്, അരീജ് അബ്ദുല്‍ ബാരി എന്നിവര്‍ ഡിസ്പാക്കിന്‍റെ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

ക്ലസ്റ്റർ മീറ്റില്‍ പങ്കെടുത്ത് വിജയം വരിച്ച 35 വിദ്യാർഥികൾക്കും  വേദിയില്‍ വെച്ച് മെഡല്‍ സമ്മാനിച്ചു. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍ റസാക്, മുഹമ്മദ് നജാത്തി, പി.എ.എം.ഹാരിസ്, വിദ്യാധരന്‍ (നവോദയ), സിദ്ദീഖ് പാണ്ടികശാല (കെ.എം.സി.സി), പി.ടി.അലവി, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ഷഫീക് സി.കെ, അഷ്റഫ് ആലുവ, ഷമീം കാട്ടാക്കട എന്നിവര്‍ അവാര്‍ഡുകളും മെഡലുകളും സമ്മാനിച്ചു.

ഡിസ്പാക്ക് ഭാരവാഹികളായ നവാസ് ചൂന്നാടന്‍, ഗുലാം ഫൈസല്‍, നാസര്‍ കടവത്ത്, ഫൈസി വാറങ്കോടന്‍ എന്നിവര്‍ സംഘാടനത്തിന്‌ നേത്യത്വം നല്‍കി. ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. റാബിയ ഷിനു, നിസാം യൂസുഫ് എന്നിവര്‍ അവതാരകരായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles