കൊച്ചി: കൊച്ചി-സേലം ദേശീയപാതയിൽ മലയാളി യാത്രക്കാർക്കുനേരെ മുഖം മൂടി ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘം മലയാളികളുടെ കാർ അടിച്ചു തകർത്ത് കവർച്ചക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാൾസ് റജിയും രണ്ട് സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്.
ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങി മടങ്ങുകയായിരുന്ന യുവാക്കളെ കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപത്തുവെച്ചായിരുന്നു ആക്രമിച്ചത്. യുവാക്കൾ റെഡ് സിഗ്നലിൽ വാഹനം നിർത്തിയ സമയത്തായിരുന്നു അക്രമികൾ ഉപദ്രവിച്ചത്.
അതിവേഗം കാറോടിച്ച് രക്ഷപ്പെട്ട യുവാക്കൾ ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ രമേഷ് ബാബു (27), ശിവദാസ് (29), മല്ലപ്പള്ളി അജയ് കുമാർ (24), കുന്നത്തുപാളയം സ്വദേശി. വിഷ്ണു (28) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.
കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പരാതിയും ആക്രമണത്തിന്റെ വിഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കൾ പറഞ്ഞു. വിഡിയോ നോക്കാൻ പോലും പൊലീസ് തയാറായില്ല.