മക്ക: ഈ വർഷത്തെ വളണ്ടിയർ സേവനത്തിന് ആളുകളുടെ എണ്ണം കുറഞ്ഞത് ഹാജിമാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. സജീവ സന്നദ്ധരായ വളണ്ടിയർമാർക്ക് ജോലി ഭാരവും ഇരട്ടിയിലധികവുമാണ്. കൂട്ടായതും അതോടൊപ്പം ഏകീകൃത നെറ്റ് വർക്കിലൂടെയുള്ള പ്രവർത്തനങ്ങളാണ് വളണ്ടിയേർസ് കുറവാണെങ്കിലും കാര്യക്ഷമമായ പ്രവർത്തങ്ങൾ കാഴ്ചവെക്കാൻ മലയാളി കൂട്ടായ്മകൾക്കാവുന്നത്.
ടീം ലീഡർ സാദിഖ് ചാലിയാറിന്റെ നിർദേശ പ്രകാരം വഴിതെറ്റിയ രണ്ട് മലയാളി ഹാജിമാരെ തേടിയാണ് ഐ സി എഫ്, ആർ എസ് സി വളണ്ടിയർ ടീം അംഗങ്ങളായ അഹമ്ദ് സലിം കിഴിശേരിയും അബൂബക്കർ സിദ്ധീഖ് പാലത്തിങ്ങലും മൂന്നാം ട്രെയിൻ സ്റ്റേഷന് സമീപം എത്തുന്നത്. തേടിയെത്തിയ ഹാജിമാരെ ഇവർക്ക് കണ്ടെത്താനായില്ല.
അതിനിടയാണ് ആൾകൂട്ടത്തിനിടയിൽ അവശയായി കിടക്കുന്ന സർക്കാർ ഹജ്ജ് ഗ്രൂപ്പ് വഴി എത്തിയ തമ്മിഴ്നാട് സ്വേദേശിനി നിഷ അഷ്‌റഫിനെ കാണുന്നത്. ജംറയിലെ ഒന്നാമത്തെ ഏറു പൂർത്തിയാക്കിയതിനു ശേഷം വഴിതെറ്റി മൂന്നാം ട്രെയിൻ സ്റ്റേഷനിൽ എത്തിപെടുകയുമായിരുന്നു ഹാജി. കടുത്ത ചൂടും ആവശ്യമായ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ ഹാജി തളർന്നു വീണിരുന്നു. രണ്ടു മരണങ്ങൾ തൊട്ടു മുന്നിൽ കണ്ട സഹഹാജിമാരും വ്യാകുലതയിലായിരുന്നു. സാധ്യമായ പരിചരണത്തിൽ എല്ലാം ചെയ്തെങ്കിലും മാറ്റമില്ലാതെ തുടർന്നു. ഐ സി എഫ് ആർ എസ് സി വളണ്ടിയർമാർ ആംബുലൻസ് സംവിധാനത്തിന് നിരവധി തവണ ശ്രമിച്ചെങ്കിലും അതിശക്തമായ മെഡിക്കൽ ട്രാഫിക് കാരണം എത്തിപ്പെടാൻ പ്രായാസപ്പെട്ടു.
ഉടൻ എമർജൻസി കാൾ സംവിധാനത്തെ ബന്ധപ്പെടുകയും നിരന്തരമായ ഫോളോ അപ് നടത്തുകയും ചെയ്തു. ഒടുവിൽ മണിക്കൂറുകൾ ശേഷമാണ് റെഡ് ക്രെസെന്റ് ടീം വാട്ട്സാപ്പ് വഴി നൽകിയ ലൊകേഷനിലെത്തിയത് മണിക്കൂറുകൾ നീണ്ട വളണ്ടിയേർസിന്റെ പരിചരണത്തിന് ശേഷം ഹാജിയെ ആംബുലൻസിൽ മിന ജസാർ ഹോസ്പിറ്റൽ എത്തിച്ചു. സൂര്യതാപവും രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവും കാരണം നേരിട്ട പ്രയാസങ്ങൾക്ക് ചികിത്സയും പരിചരണവും നൽകി വളണ്ടിയേർസ് അസ്സീസിയലെ താമസ സ്ഥലത്തു എത്തിച്ചു