തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ജയിൽ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ പ്രതികരണം.
ടി.പി ചന്ദ്രശേകരൻ വധക്കേസ് പ്രതികള്‍ക്ക് 20 വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവ് ജയില്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ പോലും ജയില്‍ ആസ്ഥാനത്തെ അന്തിമപട്ടിയില്‍ അവരുടെ പേര് ഉണ്ടാകില്ലെന്നും ജയില്‍ മേധാവി അറിയിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയാറാക്കിയ ലിസ്റ്റാണിത്. ഈ ലിസ്റ്റ് നൽകിയത് എന്തിനെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിലാണ് കോടതി ഉത്തരവ് വന്നത്. കോടതി ഉത്തരവിന് മുമ്പാണ് ലിസ്റ്റ് തയാറാക്കിയത്. കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കുമെന്നും ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കി.
ടി.പി. ചന്ദ്രശേകരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ജയില്മോചിതരാക്കുന്നതിന്റെ മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ കത്ത് പുറത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു തൊട്ടു പിന്നാലെയാണു ജയിൽ സൂപ്രണ്ടിന്റെ ഈ നടപടി.
കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇത്തരത്തിൽ 59 പ്രതികളുടെ പട്ടിക തയാറാക്കിയ ലിസ്റ്റിലാണ് ടിപി കേസിലെ മൂന്നുപ്രതികളുടെ പേരും പെടുത്തിയിട്ടുള്ളത്. പോലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഇവരെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിറക്കാനാകും. ഉത്തരവിൽ ഗവര്‍ണര്‍ ഒപ്പു വെച്ചാൽ പ്രതികള്‍ക്കു പുറത്തിറങ്ങാം.