തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് വിദ്യഭ്യാസ മന്ത്രി ആരോപിച്ചു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്ക് സർക്കാർ തയ്യാറാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.
വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കാണാതെ കണക്കുകള്‍ മൂന്നിൽ വെച്ച് ചര്‍ച്ച ചെയ്യണമെന്നും ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. 21,550 ഒഴിവുകളാണ് മലപ്പുറത്തുള്ളത്. 11,083 അണ്‍ എയ്ഡഡ് സീറ്റുകളും ഒഴിവുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,037 പേരാണ്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2954 സീറ്റുകള്‍ മാത്രമാണ് മലപ്പുറത്ത് ഒഴിവ് വരുക. ബാക്കിയുള്ള രണ്ട് അലോട്ട്‌മെന്റ് കൂടി കഴിയുമ്പോള്‍ ഇനിയും മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24-ന് ആരംഭിക്കും. മൂന്ന് അലോട്ട്‌മെന്റുകള്‍ പൂർത്തിയായി. ഇനിയും രണ്ട് അലോട്ട്‌മെന്റുകള്‍ കൂടിയുണ്ട്. സംസ്ഥാനത്ത് 4,21,621 അപേക്ഷകളാണ് ആകെ ലഭിച്ചത്. മെരിറ്റില്‍ 2,68,192 പേര്‍ക്ക് അഡ്മിഷന്‍ നല്‍കി. സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ 4336, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,850 എന്നിങ്ങനെയാണ് പ്രവേശനം നേടിയതെന്നും മന്ത്രി അറിയിച്ചു.
അതേസമയം മന്ത്രി ശിവൻ കുട്ടി പറയുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കുന്നതുവരെ സമര രംഗത്തുണ്ടാകും. മന്ത്രിയെ തെരുവില്‍ ഇറക്കാനാകാത്ത വിധം പ്രതിരോധത്തിലാക്കുമെന്നും അലോഷ്യസ് പറഞ്ഞു.
മന്ത്രി കണക്കുകൾ പറഞ്ഞു പുകമറ സൃഷ്ടിക്കുകയാണ്. മലപ്പുറത്തെ സീറ്റ് ക്ഷാമം പറയുമ്പോൾ സംസ്ഥാനത്തെ കണക്കുകളാണ് നിരത്തുന്നത്. നിയമ സഭയിൽ എല്ലാ കുട്ടികൾക്കും ഇഷ്ട വിഷയത്തിൽ സീറ്റ് ലഭിക്കൂമെന്ന് ഉറപ്പ് നൽകി മന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മൂന്നു അലോട്ട്മെന്റുകൾ പൂർത്തിയായപ്പോഴും മുഴുവൻ എ പ്ലസ് ലഭിച്ച കൂട്ടുകൾ പുറത്താണെന്ന് വിദ്യാർഥികൾ പറയുന്നു.