റിയാദ് : എയർലൈൻ ക്യാബിൻ ക്രൂവിനെ ആംഗ്യഭാഷയിൽ പരിശീലിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ആദ്യ പരിപാടി ഫ്ലൈനാസ് ആരംഭിച്ചു. ശ്രവണ വൈകല്യമുള്ള യാത്രക്കാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ ഫ്ലൈനാസിൻ്റെ ക്യാബിൻ ക്രൂവിനെ പ്രാപ്തരാക്കുക എന്നതാണ് പ്രോഗ്രാമിൻ്റെ ലക്ഷ്യം. മികച്ച യാത്രാനുഭവം നൽകുന്നതിനുള്ള ക്യാബിൻ ക്രൂവിൻ്റെ അർപ്പണബോധം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകും.
സൗദി അസോസിയേഷൻ ഫോർ ഹിയറിംഗ് ഇംപയേർമെൻ്റുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സമൂഹത്തെ ഗുണപരമായി സ്വാധീനിക്കുന്ന പദ്ധതികൾ സ്വീകരിക്കുന്നതിനുള്ള ഫ്ലൈനാസിൻ്റെ പ്രതിബദ്ധതയെ സൂചിക്കുന്നതാണ് ഈ നീക്കം. യാത്രക്കാരുടെ ആശയവിനിമയത്തിൻ്റെ വിവിധ ഘട്ടങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ സ്വാഗതം ചെയ്യൽ, ബോർഡിംഗ് നടപടിക്രമങ്ങൾ, ഇൻ-ഫ്ലൈറ്റ് സർവീസ്, സുരക്ഷാ നടപടികൾ , വിടവാങ്ങൽ നടപടിക്രമങ്ങൾ തുടങ്ങിയവയും പരിശീലനത്തിൽ ഉൾപെടും.
ഗ്രൗണ്ട് സർവീസ് സ്റ്റാഫിനും എയർലൈൻ ക്യാബിൻ ക്രൂവിനും ഓട്ടിസം ബാധിച്ച യാത്രക്കാരുമായി ഇടപഴകുന്നതിനുള്ള പരിശീലനം ഉൾപ്പെടെ സമാനമായ സംരംഭങ്ങൾ ഫ്ലൈനാസ് മുമ്പ് നടപ്പിലാക്കിയിട്ടുണ്ട്.