ന്യൂദൽഹി: പാർലമെന്റിൽ നടത്തിയ നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ ചില ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽനിന്ന് നീക്കംചെയ്തതിനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തയച്ചു. നീക്കംചെയ്ത ഭാഗങ്ങൾ ചട്ടം 380-ൻ്റെ പരിധിയിൽ വരുന്നതല്ലെന്നാണ് കത്തിൽ ചൂണ്ടികാട്ടിയത് . വസ്തുതാപരമായ കാര്യങ്ങൾ മാത്രമാണ് താൻ സഭയിൽ പറഞ്ഞതെന്നും ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും സഭയിലെ ഓരോ അംഗത്തിനും ഭരണഘടന അവകാശം നൽകുന്നുണ്ട്. അത്തരത്തിലുള്ള അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവ്വഹിക്കുന്നതായിരുന്നു തന്റെ പ്രസംഗം. തന്റെ പ്രസംഗ ഭാഗങ്ങൾ സഭാ രേഖകളിൽനിന്ന് എടുത്തുകളയുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും രാഹുൽ വ്യക്തമാക്കി.
യാഥാര്‍ഥ്യവും വസ്തുതകളും മാത്രമാണ് സഭയില്‍ പറയഞ്ഞത്. റൂള്‍ 380 പ്രകാരം ഒഴിവാക്കപ്പെടേണ്ട കാര്യങ്ങൾ ഒന്നും താന്‍ സഭയില്‍ പറഞ്ഞിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സഭയിലെ ഓരോ അംഗത്തിനും ഭരണഘടനയുടെ 105 (1) അനുച്ഛേദം അനുശാസിക്കുംവിധത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭയില്‍ ജനങ്ങളുടെ ശബ്ദമാവുക എന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്, രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ കന്നിപ്രസംഗത്തിൽ മോദിസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ ശക്തമായ വിമർശനങ്ങളാണ് രാഹുൽഗാന്ധി ഉന്നയിച്ചിരുന്നത്. മണിപ്പുർ സംഘർഷം, അഗ്‌നിവീർ പദ്ധതി, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, കർഷകപ്രശ്നങ്ങൾ, നോട്ട് പിൻവലിക്കൽ, തുടങ്ങിയ വിഷയങ്ങളുയർത്തി രാഹുൽ മോദിയെയും സർക്കാരിനെയും കടന്നാക്രമിച്ചിരുന്നു.