ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധിപേര്‍ മരിച്ചു. ഒരു മതപരമായ ചടങ്ങിനിടെയുണ്ടായ അപകടത്തിൽ 120 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അറിയുന്നു . ആശുപത്രിയിൽ നിരവധി പേരുടെ മൃതദേഹങ്ങള്‍ എത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണുള്ളത്
പ്രാദേശികമായി സംഘടിപ്പിച്ച ‘സത്സംഗ്’ എന്ന പരിപാടിക്കിടെയാണ് ആളുകൾക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പ്രാദേശികമായി ഈ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് പ്രത്യേകം സമിതി രൂപീകരിച്ചു അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.