തിരുവനന്തപുരം: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർക്ക് പിന്തുണ നൽകി തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പൊതു അവധി ദിവസമായ ഞായറാഴ്ചയാണ് റീൽ ചിത്രീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
റീൽ ചിത്രീകരണം ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് നിർവഹിച്ചതെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലായത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി ജോലിക്കെത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. അത് പ്രകാരമാണ് അവധി ദിനത്തിലും ജീവനക്കാർ ജോലിക്കെത്തിയത്.
ജീവനക്കാരുടെ എല്ലാ സാംസ്കാരിക, സർഗാത്മക പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുണ്ട്. അതെല്ലാം സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും മാത്രമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയ രീൽ ചിത്രീകരണം നടന്നത് തി രുവല്ല നഗരസഭയിലെ ഓഫീസിലാണ്. ഇത് സംബന്ധിച്ചു തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.