38.5 C
Saudi Arabia
Monday, July 7, 2025
spot_img

സദുദ്ദേശ്യത്തോടെ വിദ്യാർഥികളെ അധ്യാപകർ ശിക്ഷിക്കുന്നത് കുറ്റമല്ല-ഹൈക്കോടതി

കൊച്ചി: തെറ്റുതിരുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനും വേണ്ടി  സദുദ്ദേശ്യത്തോടെ അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത്  കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ടെസ്റ്റ് പേപ്പറിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിവിധി. എറണാകുളം കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.

അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകർ ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമ്പോൾ അത് ബാലനീതി വകുപ്പിന്റെ പരിധിയിൽ കൊണ്ടുവന്നാൽ സ്കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ പരിധിവിട്ട് ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ അധ്യാപകൻ  ചെയ്താൽ ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.

എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയതിന്റെ പേരിൽ ഇന്ത്യൻ ശിക്ഷാനിയമം, ബാലനീതി നിയമം എന്നീ വകുപ്പുകൾ പ്രകാരം കോടനാട് പൊലീസ് സ്റ്റേഷനില്‍ 2018 ൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ സ്കൂളിന്റെ പ്രിൻസിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹർജിക്കാരനെതിരെയുള്ള അന്തിമ റിപ്പോർട്ടിലെ തുടർ നടപടികളും ഹൈക്കോടതി ഇന്ന് റദ്ദാക്കി. നന്നായി പഠിക്കുന്നതിനെക്കുറിച്ചും ഉയർന്ന മാർക്കു നേടുന്നതിനെക്കുറിച്ചും ജാഗ്രതപ്പെടുത്താനാണു അധ്യാപകൻ ശ്രമിച്ചതെന്നു കോടതി പറഞ്ഞു.

കുട്ടികളെ സ്കൂളിലോ മദ്രസയിലോ അയക്കുമ്പോൾ അച്ചടക്കം ശീലിപ്പിക്കാനും  നേരായ രീതിയിൽ അവരെ നയിക്കാനുംമാതാപിതാക്കൾ അധ്യാപകർക്കു  പരോക്ഷമായി അധികാരം നൽകുന്നുണ്ടെന്ന മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും നല്ല പൗരൻമാരാകാൻ പരിശീലനം നൽകുന്നതിനും അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി സദുദ്ദേശ്യത്തോടെ ശിക്ഷ നൽകാവുന്നതാണെന്നു നേരത്തെ ഹൈക്കോടതിയും  വ്യക്തമാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles