തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറത്ത് അധിക ബാച്ച് അനുവദിച്ചു കൊണ്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക.
സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം ബാച്ച് അനുവദിക്കേണ്ടതെന്ന് ശുപാര്‍ശയിലുണ്ട്. വിദ്യാഭ്യാസ ജോയിന്റ ഡയറക്ടര്‍, മലപ്പുറം ആര്‍ ഡി ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
മലപ്പുറം ജില്ലയിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നിരന്തരമായ സമര പരിപാടികളുമായി വിദ്യാർഥികൾ മുന്നോട്ട് വന്നപ്പോഴാണ് പ്രശ്നം പഠിക്കാൻ സർക്കാർ സമിതിയെ തീരുമാനിച്ചത്. എല്ലാ വര്ഷങ്ങളിലും മലബാറിൽ സീറ്റ് വര്ധിപ്പിച്ചു കൊണ്ട് താൽക്കാലിക പരിഹാരം കാണുന്ന പതിവ് രീതി ഈ വർഷവും തുടരാനുള്ള ശ്രമങ്ങൾ വിദ്യാർഥി സമരങ്ങളിലൂടെ പരാജയപ്പെടുകയായിരുന്നു. 60-70 കുട്ടികളെയായിരുന്നു ഓരോ ക്ലാസ്സിലും കുത്തി നിറച്ചിരുന്നത്. പുതിയ ബാച്ച് ആനുവദിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് കൂടി പരിഹാരമാകും