ന്യൂഡെൽഹി: ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ചിത്രീകരിക്കുന്നതിനെതിരെയുള്ള സുപ്രിംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു, “മുടന്തൻ”, “മടയൻ” പോലുള്ള പദപ്രയോഗങ്ങൾ മോശം പ്രയോഗങ്ങളായി കാണും. ‘ആംഖ് മിച്ചോളി’ എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ച് നിപുൺ മൽഹോത്ര സമർപ്പിച്ച ഹർജിയിലാണ് വിധി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്, ഭിന്നശേഷിക്കാരെ പ്രദർശന വസ്തുക്കളായി കാണുന്നതിനെതിരെയുള്ള ഈ വിധി പ്രസ്താവിച്ചത്. ചിലർ പ്രയോഗിക്കുന്ന വാക്കുകൾ സ്ഥാപനപരമായ വിവേചനം വളർത്തിയെടുക്കുന്നു. വികലാംഗരെക്കുറിച്ചുള്ള സാമൂഹിക ധാരണകളിൽ മൂല്യച്യുതിയുള്ള അർത്ഥങ്ങൾക്ക് ചില പ്രയോഗങ്ങൾ കാരണമാകുന്നുവെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിർമ്മാണാത്മക സ്വാതന്ത്ര്യം, ഇതിനോടകം തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവരെ പരിഹസിക്കാനോ ഒറ്റപെടുത്താനോ തെറ്റായി ചിത്രീകരിക്കാനോ ഇകഴ്ത്താനോ ഉള്ള അനുമതിയായി കാണാൻ കഴിയില്ലന്ന് ചൂണ്ടിക്കാട്ടിയ വിധിയിൽ സ്ക്രീനിംഗ് അനുവദിക്കുന്നതിന് മുമ്പ്തന്നെ ഫിലിം സർട്ടിഫിക്കേഷൻ ബോഡി വിദഗ്ധരുടെ അഭിപ്രായം ക്ഷണിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ വൈവിധ്യമാർന്ന യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കാൻ എല്ലാവരും ശ്രമിക്കണം, അവരുടെ വെല്ലുവിളികൾ മാത്രമല്ല, വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കാൻ തയ്യാറാകണം. കെട്ടുകഥകളെ ആസ്പദമാക്കി അപകീർത്തിപ്പെടുത്തുകയോ പരാജിതരായി അവതരിപ്പിക്കുകയോ ചെയ്യരുതെന്നും വിധിയിൽ പറയുന്നു.



