മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ വേണ്ട ക്രമീകരണങ്ങൾ വരുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങിലാണ് നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കേളജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ന്യൂനപക്ഷ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് അധികൃതരെ വിളിച്ചു വരുത്തി വിശദാംഗങ്ങള്‍ ആരാഞ്ഞത്.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും എണ്ണക്കുറവ്, ബെഡുകളുടെ അപര്യാപ്തത, ഡോക്ടര്‍മാരുടെ സ്ഥലമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍, നിലവിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയപ്പോള്‍, ഉണ്ടായിരുന്ന പല സൗകര്യങ്ങൾ നഷ്ടപ്പെട്ടത് തുടങ്ങിയ വിഷയങ്ങൾ കമ്മീഷന് മുന്നിൽ വന്നു. നിലവിലെ സൗകര്യങ്ങൾ നഷ്ടപ്പെട്ടത് ഏറെ ഗൗരവതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
മലപ്പുറം പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയില്‍ ആതുര ശുശ്രൂഷാ രംഗത്ത് മതിയായ സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ കാലതാമസം ഒഴിവാക്കണമെന്നും നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ അടിയന്തിര നിയമനം ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.