കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കോഴിക്കോട് മെഡികൽ കോളേജിൽ മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണ കാരണം. പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരം നടക്കും .
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് മരണം സംഭവിച്ചത്. നാല് ദിവസമായി കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. മലപ്പുറം പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം.
പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരൻ ഈ മാസം 10ന് ആണ് പനി ബാധിച്ച് ചികിൽസ തേടുന്നത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിരിക്കെയാണ് കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നത്. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് നിപ സ്ഥിരീകരിച്ചത്.
കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 214 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തോടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.