ബംഗളൂരു : നോർത്ത് കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്നതായി ഇന്നലെ കണ്ടെത്തി. ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുകയായിരിക്കും ഇന്ന് രക്ഷാസേനയുടെ പ്രഥമ ദൌത്യം. ശേഷമായിരിക്കും ലോറി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുക.
പ്രദേശത്ത് ഇന്നും കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍, കുത്തിയൊഴുകുന്ന രക്ഷാപ്രവർത്തനം ദുഷ്കരം തന്നെയാണ്. മുങ്ങല്‍ വിദഗ്ധര്‍ ഗംഗാവലി പുഴയിൽ ഇറങ്ങിയായിരിക്കും പരിശോധന നടത്തുക. തുടര്‍ന്ന് ലോറിയില്‍ ഇരുമ്പു വടം ഘടിപ്പിച്ച ശേഷം ലോറി ഉയര്‍ത്തും. ലോറി കരക്കെത്തിക്കാനുള്ള പ്ലാറ്റ് ഫോം തയ്യാറാക്കിയിട്ടുണ്ട്. 200 അംഗ സംഘമാണ് സ്ഥലത്തുണ്ടാവുക.
റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐ ബി ഒ ഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഏതാണ്ട് അഞ്ച് മീറ്റര്‍ ആഴത്തിലാണ് ലോറിയുള്ളത്. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ മുങ്ങല്‍ വിദഗ്ധര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. വൈകുന്നേരത്തോടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കരക്കും പുഴയിലെ മണ്‍കൂനക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ അർജുന്റെ ലോറി കണ്ടെത്തിയത്. കനത്ത മഴക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിര്‍ത്തിവച്ചിരുന്നു. പത്താം ദിവസമായ ഇന്ന് നിര്‍ണായകമാണ്. ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഇന്നലെയാണ് അര്‍ജുന്റെ ലോറി പുഴയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്.